കോപയിൽ കൂട്ടയടി; സെമി ഫൈനൽ മത്സരത്തിന് പിന്നാലെ യുറുഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും തമ്മിൽ കൂട്ടത്തല്ല്
ന്യൂയോർക്ക്: കോപ അമേരിക്ക സെമി ഫൈനൽ പോരാട്ടത്തിന്റെ രണ്ടാം സെമിയിൽ യുറുഗ്വായെ വീഴ്ത്തി കൊളംബിയ ഫൈനലിലെത്തിയതിനു പിന്നാലെ സ്റ്റേഡിയത്തിൽ കൂട്ടയടി. യുറുഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും തമ്മിലാണ് തർക്കം ഉണ്ടായത്. എന്താണ് പരസ്പരമുള്ള ഏറ്റുമുട്ടലിനു കാരണമെന്നു വ്യക്തമായിട്ടില്ല.
മത്സരത്തിൽ തോറ്റതിന് പിന്നാലെ യുറുഗ്വായ് താരങ്ങൾ ഗ്യാലറിയിലേക്ക് ഓടിക്കയറി ആരാധകരുമായി പോരടിക്കുകയായിരുന്നു. ഡാർവിൻ നൂനസും അരൗജോയുമെല്ലാം ആരാധകരുമായി തല്ലുകൂടാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
70,644 പേരാണ് സ്റ്റേഡിയത്തിൽ മത്സരം കാണാൻ എത്തിയിരുന്നത്. ഇതിൽ പകുതിയിലധികവും കൊളംബിയൻ ആരാധകരായിരുന്നു. മത്സരം നടക്കുന്നതിനിടെ വെള്ളക്കുപ്പികൾ ഗ്രൗണ്ടിലേക്ക് എറിഞ്ഞതടക്കമുള്ള പ്രകോപന സംഭവങ്ങളും അരങ്ങേറിയിരുന്നു. മത്സരത്തിനിടെ യുറുഗ്വായ് - കൊളംബിയ ആരാധകർ തമ്മിൽ ചെറിയ ഉരസലുണ്ടായിരുന്നു. അടി പിന്നീട് സുരക്ഷാ സേന ഇടപെട്ട് ഒഴിവാക്കി.
അതേസമയം, കോപ അമേരിക്ക ഫുട്ബോളിന്റെ ഫൈനൽ ലൈനപ്പായി. രണ്ടാം സെമിയിൽ കരുത്തന്മാർ നേർക്കുനേർ ഏറ്റുമുട്ടിയ മത്സരത്തിൽ യുറുഗ്വായ്‌യെ വീഴ്ത്തി കൊളംബിയ ഫൈനലിൽ എത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ സെമി വിജയം. 39–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജെഫേഴ്സൺ ലേമയാണ് കൊളംബിയയ്ക്കായി ഗോൾ നേടിയത്. ഫൈനലിൽ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ.
കൊളംബിയൻ സൂപ്പർ താരം ജെയിംസ് റോഡ്രിഗസിന്റെ ടച്ചുള്ള ഗോളിലായിരുന്നു കൊളംബിയയുടെ വിജയം. കോർണറിലൂടെ തനിക്ക് ലഭിച്ച പന്ത്, റോഡ്രിഗസ് പെനാൽറ്റി ബോക്‌സിലേക്ക് പാസ് ചെയ്ത നൽകുകയും ജെഫേഴ്സൺ ലേമ അതു ഹെഡ് ചെയ്ത് ഗോൾ വലയിലേക്ക് കയറ്റുകയുമായിരുന്നു. ടൂർണമെന്റിൽ ജെയിംസ് റോഡ്രിഗസിന്റെ ആറാമത്തെ അസിസ്റ്റാണിത്. ഇതോടെ മെസ്സിയെ മറികടന്ന് ഒരു കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി.
നേരത്തെ ആദ്യ സെമിയിൽ കാനഡയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."