നൂറുദിവസത്തിനുള്ളില്‍ നൂറുകാതം മുന്നോട്ട്
മനുഷ്യര്‍ ഭേദചിന്തകളില്ലാതെ ഒരുമയോടെ കഴിഞ്ഞ കാലത്തിന്റെ ഓര്‍മപുതുക്കുന്ന ഓണവും വിശിഷ്ടമായ ത്യാഗത്തിന്റെ സ്മരണകളുണര്‍ത്തുന്ന ബക്രീദും ആഗതമായിരിക്കുന്നു. ഈ സന്തോഷകരമായ സന്ദര്‍ഭത്തില്‍ തന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നൂറാംദിവസത്തിലേയ്ക്കു കടക്കുന്നതെന്നതു യാദൃച്ഛികതയാകാമെങ്കിലും അതില്‍ അര്‍ഥപൂര്‍ണമായ ഔചിത്യമുണ്ട്.
കേരളത്തിലെ ഓരോ കുടുംബത്തോടും ഓരോ വ്യക്തിയോടും ഞങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോവുകയെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുകൊണ്ടാണ് ഒരുവശത്ത് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് കൂടുതല്‍ അധികാരത്തോടെ രൂപീകരിച്ചതും മറുവശത്തു കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചതും.
പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാരിന്റെ നയം. മലിനമായ ജലസ്രോതസുകളുടെ അടക്കം സമഗ്രമായ ശുചീകരണത്തിനും പരിസ്ഥിതിസംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. അഞ്ചുവര്‍ഷംകൊണ്ടു കേരളത്തെ മാലിന്യവിമുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വരുന്ന കേരളപ്പിറവിദിനത്തിന്‍ 100 ശതമാനം വീടുകളിലും ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വിസര്‍ജന വിമുക്ത സംസ്ഥാനമായി മാറാന്‍ പോവുകയാണു കേരളം.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകുവാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. 45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയനിലവാരത്തിലുള്ള ദേശീയപാതാ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംസ്ഥാന, ജില്ലാപാതകളുടെ പുതുക്കല്‍, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, സ്മാര്‍ട്ട് റോഡ് പദ്ധതി എന്നിവ കാലതാമസമില്ലാതെ നടപ്പിലാക്കും. കൊച്ചി വാട്ടര്‍മെട്രോ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്‍.എന്‍.ജി വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി താപോര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപെടുത്തും. വൈദ്യുതിയില്ലാത്ത രണ്ടരലക്ഷം വീടുകളില്‍ വൈദ്യുതിയെത്തിക്കും. അടുത്ത മാര്‍ച്ചോടെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം മാറും.
യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ആയിരത്തഞ്ഞൂറോളം സ്റ്റാര്‍ട്ടപ്പുകളുടെ പദ്ധതി ഈ മേഖലയില്‍ വന്‍കുതിച്ചുചാട്ടമായിരിക്കും. 150 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. വന്‍കിട ഐ.ടി കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ എല്ലാ ഐ.ടി പാര്‍ക്കുകളും വികസിപ്പിക്കും. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേയ്ക്കു കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്.
സമൂഹത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ളതും അവശതയനുഭവിക്കുന്നതുമായ ആളുകളുടെ ക്ഷേമം ഉറപ്പാകുമ്പോള്‍ മാത്രമേ യഥാര്‍ഥ വികസനം സാധ്യമാകുകയുള്ളൂ. അതിനു വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. പൊതുവിതരണശൃംഖലയെ ശക്തിപ്പെടുത്തുവാന്‍ 75 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിലവര്‍ധനവു പിടിച്ചു നിര്‍ത്താന്‍ 150 കോടി രൂപയാണ് ഇക്കൊല്ലം ചെലവാക്കുന്നത്. മാവേലിസ്‌റ്റോറുകളില്‍ അഞ്ചുവര്‍ഷത്തേയ്ക്കു വിലകൂട്ടില്ലെന്ന് ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനിച്ചതാണ്.
ഓണം-ബക്രീദ് ന്യായവില ചന്തകള്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. ഉത്സവാവസരങ്ങളില്‍ മാത്രമല്ല, സാധാരണദിനങ്ങളിലും വിലനിയന്ത്രണത്തിനായി സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കും. ദേശീയ ഭക്ഷ്യസുരക്ഷാനിയമം വേഗത്തില്‍ നടപ്പാക്കാനും റേഷന്‍ കാര്‍ഡുകള്‍ ആറുമാസത്തിനകം നല്‍കാനുമുള്ള നടപടിയായിട്ടുണ്ട്.
പരമ്പരാഗതമേഖലയിലെ നിര്‍ധന തൊഴിലാളികള്‍ക്കു സമ്പൂര്‍ണസാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ ചിങ്ങം ഒന്നിനു തുറക്കും. വര്‍ഷം തോറും 1000 കോടി രൂപയ്ക്ക് തത്തുല്യമായ തൊഴില്‍ ദിനങ്ങള്‍ എന്‍.ആര്‍.ഇ.ജി.എയിലൂടെ നല്‍കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 1000 രൂപയാക്കി വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷനുകള്‍ 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഓണത്തിനു മുന്‍പ് വീടുകളിലെത്തിക്കും. 2016 ജൂണ്‍ മുതല്‍ വര്‍ധിപ്പിച്ച നിരക്കില്‍ 3100 കോടി രൂപയാണ് ഇതിനു ചെലവിടുന്നത്. കടക്കെണിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി 50 കോടി രൂപ നല്‍കും. 13,000 ഖാദി തൊഴിലാളികളുടെ മിനിമം വേജ് ഉയര്‍ത്തി ഖാദി ഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. കടക്കെണിയിലായവരെ സഹായിക്കാന്‍ സമഗ്ര കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി. നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനുള്ള സ്ഥലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണവും പതിനായിരം പട്ടികജാതിക്കാര്‍ക്ക് വിവാഹധനസഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. മാരകരോഗങ്ങളുള്ള പട്ടികജാതിക്കാരുടെ ചികിത്സയ്ക്ക് പദ്ധതിയുണ്ട്. പട്ടികജാതി കോളനികളുടെ അടിസ്ഥാനസൗകര്യവികസനത്തിന് 80 കോടിയിലധികം രൂപയുടെ ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.
വര്‍ഗീയതയും സാമുദായിക സ്പര്‍ധയും വളര്‍ത്തുന്ന ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ല. സ്ത്രീസുരക്ഷയിലും വിട്ടുവീഴ്ചയില്ല. സ്ത്രീകള്‍ക്കായി പ്രത്യേകവകുപ്പു രൂപീകരിക്കാന്‍ തീരുമാനമെടുത്തതും ഇത്തരത്തിലുള്ള പ്രത്യേക കരുതലിന്റെ ഭാഗമായാണ്. ശിശുമരണവും ഗര്‍ഭിണികളുടെ മരണവും കുറയ്ക്കാനായി ഐ.എം.എയുമായി ചേര്‍ന്നു പ്രത്യേക പദ്ധതി രൂപപ്പെടുത്തിയിട്ടുമുണ്ട്. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ല. ഭരണപരിഷ്‌കാര കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയും ഇ-ഗവേര്‍ണന്‍സ് ഫലപ്രദമാക്കിയും അഴിമതി നിര്‍മാര്‍ജനത്തിനുള്ള ശ്രമങ്ങള്‍ തുടരും. കുറ്റാന്വേഷണരംഗത്ത് നവതലമുറ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയിലെ തന്നെ സുസജ്ജമായ പൊലിസ് സേനയായി കേരള പൊലിസിനെ മാറ്റുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു.
കര്‍ഷകരെ സഹായിക്കുവാനായി 385 കോടി രൂപ ചെലവില്‍ നെല്ല് സംഭരിക്കും. നേരത്തെയുള്ള നെല്ലു സംഭരണക്കുടിശിക 170 കോടി രൂപ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു. തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍വേണ്ടി 500 കോടി രൂപ വിനിയോഗിക്കും. സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്നതും നമ്മുടെ അഭിമാനവുമായ കേരളത്തിലെ 1000 പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. ഗള്‍ഫ് നാടുകളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു തിരികെ വരുന്ന നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസം സര്‍ക്കാരിന്റെ കൂടെ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."