ചെറിയ ബജറ്റില്‍ കണ്ടുവരാം; ഇന്ത്യയിലെ മനോഹരമായ ഹില്‍സ്‌റ്റേഷനുകള്‍
ഭൂമിശാസ്ത്രപരമായ വൈവിധ്യവും അതിമനോഹരമായ ഭൂപ്രകൃതിയും കാരണം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സങ്കേതമാണ് ഇന്ത്യ. അതില്‍ തന്നെ കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേക്കുള്ള യാത്രകളാണ് ഏറ്റവും മനോഹരം. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാനും പ്രകൃതിയെ അടുത്തറിയാനും ഹില്‍ സ്റ്റേഷന്‍ യാത്രകള്‍ സഹായിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മനോഹരമായതും ചെറിയ ബജറ്റില്‍ പോയി വരാവുന്നതുമായ ചില ഹില്‍ സ്‌റ്റേഷനുകളെ പരിചയപ്പെടാം. സോളോ ട്രിപ്പിനും സുഹൃത്തുകളുടേയും ഫാമിലിയുടേയും കൂടെ പോയി ആസ്വദിക്കാന്‍ പറ്റുന്നയിടങ്ങളാണ് എല്ലാം.
മസൂറി
'കുന്നുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന മസൂറി സമുദ്രനിരപ്പില്‍ നിന്ന് 1,880 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ്. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഡൂണ്‍ താഴ്വരയുടെ വിശാലമായ കാഴ്ചകള്‍ നല്‍കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,000 മീ (6,600 ft) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മസൂറിയില്‍ ഒരുപാട് കാഴ്ച്ചകളും അനുഭവങ്ങളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
നൈനിറ്റാള്‍
ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ഹില്‍ സ്റ്റേഷന്‍ സഞ്ചാരികള്‍ക്ക് പര്‍വതങ്ങളുടെയും തടാകങ്ങളുടെയും കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന മനോഹര ഇടമാണ്. തടാകങ്ങളുടെ പറുദീസയായാണ് നൈനിറ്റാള്‍ അറിയപ്പെടുന്നത്. കുമയൂണ്‍ മലനിരകളുടെ താഴ് വാരമാണ് നൈനിറ്റാള്‍. കയാക്കിങ്ങ്, കനോയിങ്ങ്, യാട്ടിങ്ങ് തുടങ്ങിയവയും മലനിരകളെ ബന്ധിപ്പിക്കുന്ന കേബിള്‍ കാറുകളിലൂടെയുള്ള ആകാശയാത്രകളും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.
കസൗലി
ഹിമാചല്‍ പ്രദേശിലെ ഒരു ചെറിയ പട്ടണമായ കസൗലി കൊളോണിയല്‍ കാലം മുതല്‍ പ്രശസ്തമാണ്. ബ്രിട്ടീഷ് വാസ്തുവിദ്യയാണ് ഇവിടുത്തെ സഞ്ചാരികളുടെ മനം കവരുന്നത്.
ഗാംഗ്ടോക്ക്
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഗാംഗ്ടോക്ക് സിക്കിമിന്റെ തലസ്ഥാന നഗരമാണ്. മലമുകളിലെ സുന്ദരി എന്നറിയപ്പെടുന്ന ഗാംഗ്‌ടോക്കിന്റെ ചരിത്രത്തിന് ഏകദേശം 18 നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഏറെ വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമാ ആചാരങ്ങളുടെ നാടാണ് ഗാംഗ്‌ടോക്ക്
ഷിംല
ശൈത്യകാലത്ത് ഏറെ സഞ്ചാരികളെത്തുന്ന ഹില്‍സറ്റേഷനാണ് ഷിംല. ഈ സമയം ഇവിടെ എത്തിയാല്‍ മഞ്ഞ് വീഴ്ച്ച കാണാനും ആസ്വദിക്കാനും നിങ്ങള്‍ക്ക് സാധിക്കും. നിരവധി ഓക്ക്, ദേവദാരു, പൈന്‍ വനങ്ങള്‍ ഷിംലയിലുണ്ട്. കല്‍ക്കയ്ക്കും ഷിംലയ്ക്കും ഇടയില്‍ ഓടുന്ന ടോയ് ട്രെയിനിനും നിരവധി പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും ഇത് പേരുകേട്ടതാണ്
കൂര്‍ഗ്
പശ്ചിമഘട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഹില്‍ സ്റ്റേഷനാണ് കൂര്‍ഗ്. ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, കോട്ടകള്‍ എന്നിവയാല്‍ സമൃദ്ധമായ ഈ സ്ഥലം ചരിത്രപ്രധാന നഗരമാണ്. കിഴക്കന്‍ സ്‌കോട്‌ലാന്‍ഡ് എന്നാണ് കൂര്‍ഗ് അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."