നിര്‍മ്മിത ബുദ്ധി ആയുര്‍വേദത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മുരളി തുമ്മാരുകുടി
വൈദ്യരത്‌നം ഗ്രൂപ്പിന്റെ സ്ഥാപക ദിനാഘോഷം യുണൈറ്റഡ് നേഷന്‍സ് ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്തു. ബിഗ് ഡേറ്റ അനലിറ്റിക്‌സിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ആയുര്‍വേദത്തിന് വന്‍ മുന്നേറ്റം നടത്താനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രശാഖയല്ല ആയുര്‍വേദമെന്ന ആരോപണത്തെ നേരിടാന്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഗവേഷണങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ഒല്ലൂര്‍ ശ്രീ പാര്‍വതി ഓഡിറ്റോറിയത്തിലാണ് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചത്.
ഇന്ന് ലോകത്തിലെ 93 രാജ്യങ്ങളില്‍ ആയുര്‍വേദത്തിന് പ്രചാരമുണ്ട്. 171 രാജ്യങ്ങളിലും പരമ്പരാഗത വൈദ്യശാസ്ത്രം പ്രചാരത്തിലുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. പരമ്പരാഗത ചികിത്സ പ്രചാരത്തിലുള്ള രാജ്യങ്ങളില്‍ ചികിത്സാചെലവുകള്‍ താരതമ്യേന കുറവാണ്. കേരളത്തില്‍ പ്രായമായവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയും അവരുടെ ചികിത്സ വലിയ വെല്ലുവിളിയായി മാറുകയുമാണ്. ആയുര്‍വേദത്തിന് ഈ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കാനാകും. ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതിയിലാണ് ആരോഗ്യരംഗത്തിന്റെ ഭാവിയെന്നും ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ആയുര്‍വേദം എന്നും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വത്ത പുരസ്‌കാരങ്ങളുടെ വിതരണവും ഡോ. മുരളി തുമ്മാരുകുടി നിര്‍വഹിച്ചു.
വൈദ്യരംഗത്തെ പ്രജാപതിയായിരുന്ന നീലകണ്ഠന്‍ മൂസ്സിന്റെ ദീര്‍ഘവീക്ഷണമാണ് വൈദ്യരത്‌നം ഗ്രൂപ്പിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ് പറഞ്ഞു. ആയുര്‍വേദത്തിനെ ചോദ്യം ചെയ്തു തുടങ്ങിയത് ബ്രിട്ടീഷ് അധിനിവേശ കാലത്താണെന്നും അതൊരു സാസ്‌കാരിക ആഘാതത്തിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പോലുള്ള മഹാമാരികളെ പ്രതിരോധിക്കാനുള്ള അന്തര്‍ലീനമായ ശക്തി ആയുര്‍വേദത്തിനുണ്ടെന്നും അത് നൂതന ഗവേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും ഡോ. കെ.ജി. പൗലോസ് അഭിപ്രായപ്പെട്ടു .60 വര്‍ഷം മുമ്പ് രചിച്ച പുഷ്പാഞ്ജലി എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം, ആദ്യ പ്രതി ഡോ. കെ.വി. രാമന്‍കുട്ടി വാരിയര്‍ക്ക് കൈമാറിക്കൊണ്ട് അദ്ദേഹം നിര്‍വ്വഹിച്ചു.
പത്മശ്രീ അഷ്ടവൈദ്യന്‍ ഇ.ടി.നീലകണ്ഠന്‍ മൂസ്സിന്റെ ഇരുപത്തിയേഴാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് സ്ഥാപക ദിനം ആചരിച്ചത്. വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ.ഇ.ടി.നീലകണ്ഠന്‍ മൂസ്സ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദം ശാസ്ത്രമാണെന്ന തിരിച്ചറിവ് ഇന്ന് ജനങ്ങള്‍ക്കുണ്ടെന്നും സാമൂഹിക മാധ്യമങ്ങളില്‍ ആയുര്‍വേദത്തിനെതിരെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ ആയുര്‍വേദസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ ചോദ്യങ്ങള്‍ക്കേ ശരിയായ ഉത്തരങ്ങള്‍ ലഭിക്കുവെന്നത് ആയുര്‍വേദ ഗവേഷകര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദവും ആയുര്‍വേദത്തിന്റെ അഭ്യുദയാകാംക്ഷികളുടെയും മറ്റു ശാസ്ത്രങ്ങളുടെയും പ്രകൃതിയുടെയും മൈത്രിയിലൂടെയാണ് ആയുര്‍വേദം വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എസ്. ഗോപകുമാര്‍ പറഞ്ഞു. ആയുര്‍വേദത്തിന് ശത്രുക്കളില്ല എന്നും അദ്ദേഹം പറഞ്ഞു. ഡോ. എസ്. ഗോപകുമാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാദമിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും ഡിജിറ്റല്‍ ത്രൈമാസികയുടെ പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു.
വൈദ്യരത്‌നം ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ അഷ്ടവൈദ്യന്‍ ഡോ.ഇ.ടി.യദു നാരായണന്‍ മൂസ്സ്, അഷ്ടവൈദ്യന്‍ ഡോ.ഇ.ടി.കൃഷ്ണന്‍ മൂസ്സ്, സി.ഇ.ഒ. പ്രദീപ് നായര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.പി.പോളി, വൈദ്യരത്‌നം സാങ്കേതിക ഉപദേഷ്ടാവ് വൈദ്യന്‍ എ.പി.ഡി.നമ്പീശന്‍, വൈദ്യരത്‌നം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. പ്രസന്ന വി.എന്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ രവീണ ബി തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാറുകളില്‍ ഡോ. കിരാത മൂര്‍ത്തി പി.പി, ഡോ. ആനന്ദ് പി.കെ.വി, ഡോ. ആനന്ദ ലക്ഷ്മി കെ.എന്‍, ഡോ. മേഘ എന്നിവര്‍ ക്ലാസ്സെടുത്തു. ഡോ. രാഹുല്‍ എച്ച് മോഡറേറ്ററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."