മിഷേലിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത പാക് അംബാസിഡര്‍ക്ക് വിമര്‍ശനം
വാഷിങ്ടണ്‍: യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്കും സ്വന്തം ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത പാകിസ്താന്‍ അംബാസിഡറുടെ നടപടിയില്‍ അമേരിക്ക അസന്തുഷ്ടി പ്രകടിപ്പിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ മിഷേലുമായി യു.എസിലെ പാക് സ്ഥാനപതി ജലീല്‍ അബ്ബാസ് ജിലാനി കൂടിക്കാഴ്ച നടത്തിയിരുന്നു. മകന്‍ ബിരുദം നേടിയതിനെ തുടര്‍ന്ന് പാകിസ്താന്‍ ഹൗസിലേക്കാണ് മിഷേലിനെ ക്ഷണിച്ചത്. ജിലാനിയുടെ ഇളയമകനും ഒബാമ - മിഷേല്‍ ദമ്പതികളുടെ മക്കളായ സാഷയും മാലിയയും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. ഇതാണ് മിഷേലിനെ വീട്ടിലേക്ക് ക്ഷണിക്കാന്‍ കാരണം.
ചടങ്ങിനിടെ മിഷേലിനൊപ്പം ജിലാനിയും ഭാര്യയും ഒരുമിച്ച് നിന്ന് ചിത്രമെടുക്കുകയും ഇത് സന്തോഷം പകരുന്ന നിമിഷമാണെന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവയ്ക്കുകയുമായിരുന്നു. പിന്നീട് ഈ ചിത്രം ജിലാനി നീക്കം ചെയ്തു.
ജിലാനിയുടെ ഈ നടപടിയില്‍ വൈറ്റ്ഹൗസ് കടുത്ത നിരാശയും അതൃപ്തിയും രേഖപ്പെടുത്തി. ഒബാമയുടെ കുടുംബവുമായി ജിലാനിക്ക് അടുത്തബന്ധമുണ്ടെന്ന ധാരണ പരക്കുന്നതിന് ചിത്രം ഇടയാക്കിയെന്നും സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ചിത്രത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയത് ഉചിതമായില്ലെന്നും വൈറ്റ് ഹൗസ് പാകിസ്താന് അയച്ച കത്തില്‍ വ്യക്തമാക്കിയതായി പാക് പത്രമായ ന്യൂസ് ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അമേരിക്ക അംബാസിഡറെ ശാസിച്ചതായുള്ള വാര്‍ത്ത തെറ്റാണെന്ന് പാക് വിദേശകാര്യവകുപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."