മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി ബി.ജെ.പിയില്‍
ഭോപാല്‍: മധ്യപ്രദേശില്‍ വിരമിച്ച ഹൈക്കോടതി മുന്‍ ജഡ്ജി രോഹിത് ആര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ഭോപ്പാലിലെ ബി.ജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാഘവേന്ദ്ര ശര്‍മ്മയില്‍ നിന്ന് അദ്ദേഹം അംഗത്വമെടുത്തു. വിരമിച്ച് മൂന്നാംമാസമാണ് മുന്‍ ജഡ്ജിയുടെ നടപടി. 1984ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്ത അദ്ദേഹം 2003ല്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി. 2013ല്‍ ഹൈക്കോടതി ജഡ്ജിയായി. 2015ല്‍ സ്ഥിരനിയമനവും ലഭിച്ചു. പത്തുവര്‍ഷത്തിലേറെ നീണ്ട സേവനത്തിനൊടുവില്‍ ഏപ്രില്‍ 27നാണ് വിരമിച്ചത്.
ഏതാനും വിവാദ വിധികളിലൂടെ ജഡ്ജിയായിരിക്കെ രോഹിത് ആര്യ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലൈംഗികപീഡനത്തിനിരയായ അതിജീവിതയ്ക്ക് രാഖി കെട്ടിയാല്‍ പ്രതിക്ക് ജാമ്യം നല്‍കാമെന്ന രോഹിത് ആര്യയുടെ വിധി വന്‍ വിവാദമായിരുന്നു. പിന്നീട് സുപ്രിംകോടതി ഇടപെട്ട് വിധി റദ്ദാക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കെതിരേ ഹിന്ദുത്വവാദികള്‍ നല്കിയ കേസ് പരിഗണിച്ചത് രോഹിത് ആര്യയുടെ ബെഞ്ചായിരുന്നു. മുനവ്വര്‍ ഫാറൂഖിക്കെതിരേ നിശിതവിമര്‍ശനം ഉന്നയിച്ച് ജാമ്യം നിഷേധിക്കുകയാണ് ജഡ്ജി ചെയ്തത്. ഈ കേസിലും സുപ്രിംകോടതി ഇടപെടലുണ്ടായി.
അടുത്തിടെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാദ്യായ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."