ഓൺലൈൻ ഭക്ഷണം പൊള്ളും; വീണ്ടും പ്ലാറ്റ് ഫോം ഫീ വർധിപ്പിച്ച് സൊമാറ്റോയും സ്വിഗ്ഗിയും, 20 ശതമാനം വർധന
ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. 20 ശതമാനം വർധനയാണ് കൊണ്ടുവന്നത്. ഇതോടെ അഞ്ചു രൂപയില്‍നിന്ന് ആറു രൂപയായി പ്ലാറ്റ് ഫോം ഫീ വർധിച്ചു. നിലവിൽ ബംഗളൂരു, ഡൽഹി തുടങ്ങിയ പ്രധാന വിപണികളിൽ ഒരു ഓർഡറിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീയാണ് 6 രൂപയായി ഉയർത്തിയത്. വൈകാതെ എല്ലായിടത്തും ഈ വർധന പ്രാബല്യത്തിലാകും.
രണ്ട് പ്ലാറ്റ്‌ഫോമുകളും ഈ വിപണികളിൽ മുമ്പ് ഈടാക്കിയിരുന്ന 5 രൂപയിൽ നിന്ന് 20% വർധനവാണ് കൊണ്ടുവന്നത്. ഡെലിവറി ചാർജ്ജിനും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്‌ഫോം ഫീ കൂടി ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ വാങ്ങാൻ തുടങ്ങിയത്. തുടക്കത്തിൽ രണ്ടു രൂപയായിരുന്ന ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഈ വർഷം ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും വർധന കൊണ്ടുവന്നിരിക്കുന്നത്.
ജനുവരിയിൽ, തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി സ്വിഗ്ഗി 10 രൂപ പ്ലാറ്റ്ഫോം ഫീസ് പ്രദർശിപ്പിച്ചിരുന്നു. അക്കാലത്ത് സാധാരണ ഈടാക്കിയിരുന്നത് 3 രൂപയായിരുന്നു. എന്നാൽ 10 രൂപ ഫീ കാണിച്ചിരുനെങ്കിലും യഥാർത്ഥത്തിൽ ഉപയോക്താക്കളിൽ നിന്ന് ഇത് ഈടാക്കിയിരുന്നില്ല. ചെക്ക്ഔട്ട് സമയത്ത് ഉയർന്ന ഫീസ് കാണിക്കുകയും പിന്നീട് ഒരു കിഴിവിന് ശേഷം 5 രൂപ ഈടാക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
ഇതിൽ നിന്നെല്ലാം മാറിയാണ് ഇപ്പോൾ 6 രൂപ നിരക്ക് ഓരോ ഓർഡറിനും നൽകേണ്ടി വരുന്നത്. ഇതോടെ ഡെലിവറി ചാർജ്ജിനും ജിഎസ്ടിക്കും പുറമെ അധികം പണം കൂടി നൽകേണ്ടി വരികയാണ്. ഇതോടെ യഥാർത്ഥ ഭക്ഷണത്തിന്റെ വിലയേക്കാൾ ചെലവേറിയതാവുകയാണ് ഓൺലൈൻ ഫുഡ്. സംഭവത്തിൽ സൊമാറ്റോയും സ്വിഗ്ഗിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."