നിബന്ധനകള്‍ കര്‍ശനമാക്കി: കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ പദ്ധതികള്‍ നഷ്ടമാവുന്നു
കോഴിക്കോട്: സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ ന്യൂനപക്ഷ പദ്ധതികള്‍ പലതും നഷ്ടമാവുന്നു. പദ്ധതികളുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ബി.ജെ.പി സര്‍ക്കാര്‍ കര്‍ശനമാക്കിയതും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതുമാണ് പദ്ധതികള്‍ നഷ്ടമാവാന്‍ കാരണമാവുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനായി ആവിഷ്‌കരിച്ച ഐ.ഡി.എം.ഐ പദ്ധതിയില്‍ 2011 മുതല്‍ 2013 വരെ സംസ്ഥാനത്തെ 150 ല്‍ പരം സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം വരെ ഗ്രാന്റ് ലഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 50 ശതമാനം ഫണ്ടുകളാണ് നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബാക്കി ഫണ്ട് ലഭിച്ചിട്ടില്ല. ഇതു കാരണം പല സ്ഥാപനങ്ങളുടേയും കെട്ടിട നിര്‍മാണം പ്രതിസന്ധിയിലായിരിക്കുകയാണ്.
2014-15 വര്‍ഷത്തേക്ക് ഗ്രാന്റിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ലിസ്റ്റ് ഇനിയും പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. ഈ ലിസ്റ്റില്‍പെട്ട ആറു സ്ഥാപനങ്ങള്‍ക്ക് മാത്രമേ സംസ്ഥാനത്ത് ഫണ്ട് ലഭിച്ചിട്ടുള്ളൂ. 2016-17 വര്‍ഷത്തെ ഗ്രാന്റിന് വളരെ തിടുക്കത്തിലാണ് അപേക്ഷ ക്ഷണിച്ചത്. പല സ്ഥാപനങ്ങള്‍ക്കും ഇതുകാരണം അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. മദ്‌റസ നവീകരണ ഫണ്ട് കേരളത്തിലെ മദ്‌റസകള്‍ക്കു ലഭിച്ചിരുന്നു. ഭൗതിക-അക്കാദമിക സൗകര്യം മെച്ചപ്പെടുത്താന്‍ ഇതു സഹായമാവുകയും ചെയ്തിരുന്നു. എന്നാല്‍ 2014-15 വര്‍ഷത്തെ ഫണ്ടിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത മദ്‌റസ ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. ന്യൂനപക്ഷ വകുപ്പിനു കീഴിലുള്ള മൗലാനാ ആസാദ് ഫൗണ്ടേഷന്റെ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം ലഭിക്കാന്‍ കടുത്ത നിബന്ധനകളാണ് ഏര്‍പെടുത്തിയിരിക്കുന്നത്. അപേക്ഷയോടൊപ്പം ഹാജരാക്കിയ രേഖകളുടെ ശരിപ്പകര്‍പ്പുകള്‍ ഡല്‍ഹിയിലെ ഓഫിസില്‍ നേരിട്ട് ഹാജരാക്കണമെന്ന നിബന്ധന കാരണം പല സ്ഥാപനങ്ങള്‍ക്കും ഈ ഫണ്ട് ലഭിക്കുന്നില്ല.
പുതുതായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളില്‍നിന്നും കേരളത്തെ ഒഴിവാക്കിയിരിക്കുകയാണ്. രാജ്യത്തെ 710 ജില്ലകളില്‍ നടപ്പിലാക്കിയ എം.എസ്.ഡി.പി പദ്ധതി സംസ്ഥാനത്ത് വയനാട് ജില്ലയിലും പൊന്നാനി ടൗണ്‍ഷിപ്പിലും മാത്രമായി ഒതുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ ഐ.ടി.ഐകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."