ബി.ജെ.പി അംഗസംഖ്യ കുറഞ്ഞു: രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ വിയര്‍ക്കും
ന്യൂഡൽഹി: നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ കാലാവധി പൂർത്തിയായതോടെ രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ കുറഞ്ഞു. രാകേഷ് സിൻഹ, രാം ഷകൽ, സൊനാൽ മാൻസിംഗ്, മഹേഷ് ജെത്്മലാനി എന്നിവരുടെ കാലാവധി ശനിയാഴ്ച പൂർത്തിയായതോടെ രാജ്യസഭയിൽ ബി.ജെ.പി അംഗബലം 86 ആയി കുറഞ്ഞു. സഖ്യകക്ഷികളുടെ അംഗങ്ങളെക്കൂടി കൂട്ടിയാൽ എൻ.ഡി.എയ്ക്ക് സഭയിൽ 101 അംഗങ്ങളാണുള്ളത്. ഇതോടെ ബില്ലുകൾ പാസാക്കണമെങ്കിൽ മുന്നണിക്ക് പുറത്തുള്ള കക്ഷികളുടെ സഹായം തേടേണ്ട അവസ്ഥയിലാണ് ബി.ജെ.പി. രാജ്യസഭയിൽ ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത ബി.ജെ.പി നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണയോടൊപ്പം മറ്റുചില പാർട്ടികളുടെ പ്രശ്‌നാധിഷ്ഠിത പിന്തുണയിലുമാണ് സഭയിൽ ഭൂരിപക്ഷം നിലനിർത്തേണ്ടത്.
245 അംഗ സഭയിൽ നിലവിലെ അംഗസഖ്യ 225 ആണ്. ഭൂരിപക്ഷത്തിന് 113 അംഗങ്ങൾ വേണം. ബില്ലുകൾ പാസാക്കണമെങ്കിൽ 12 അംഗങ്ങളുടെ പിന്തുണ കൂടി ഭരണപക്ഷത്തിനു വേണം. തങ്ങൾക്കൊപ്പമില്ലെങ്കിലും ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ്, തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ, ഒഡിഷയിലെ ബിജു ജനതാദൾ, തെലങ്കാനയിലെ ബി.ആർ.എസ് എന്നിവരുടെ സഹായമില്ലാതെ ബില്ലുകൾ പാസാക്കാനാകില്ല. ഇതോടൊപ്പം ഒരു പക്ഷത്തുമില്ലാതെ നിൽക്കുന്ന സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും തേടേണ്ടിവരും. നിലവിലുള്ള ഏഴ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണ ബി.ജെ.പിക്കുണ്ട്.
രാജ്യസഭയിൽ വൈ.എസ്.ആർ കോൺഗ്രസിന് 11ഉം എ.ഐ.എ.ഡി.എം.കെയ്ക്ക് നാലും ബിജു ജനതാദളിന് ഒമ്പതും എം.പിമാരാണുള്ളത്. മുൻകാലങ്ങളിൽ എൻ.ഡി.എ സഖ്യത്തിന് വൈ.എസ്.ആർ കോൺഗ്രസ് പ്രശ്‌നാധിഷ്ഠിത പിന്തുണ നൽകിയിരുന്നു. എന്നാൽ, ആന്ധ്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ജഗൻ മോഹൻ റെഡ്ഡിയുടെ നിലപാട് നിർണായകമാവും. സമാന സാഹചര്യമാണ് ഒഡിഷയിലെ ബിജു ജനതാദളിനുമുള്ളത്. ഒന്നും രണ്ടും മോദി സർക്കാരുകളോടുള്ള നിലപാടായിരിക്കില്ല നിലവിലെ സർക്കാരിനോടെന്ന് ബി.ജെ.ഡി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ബി.ജെ.പിയുമായി അകന്ന എ.ഐ.എ.ഡി.എംയകെയും ഇതേ നിലപാടിലാണ്. ഫലത്തിൽ സഭയിൽ ബില്ലുകൾ പാസാക്കിയെടുക്കാൻ ബി.ജെ.പി നന്നേ വിയർക്കേണ്ടി വരും.
ഇൻഡ്യാ സഖ്യത്തിനു രാജ്യസഭയിൽ 87 അംഗങ്ങളാണുള്ളത്. ഇതിൽ കോൺഗ്രസിന് 26, തൃണമൂൽ കോൺഗ്രസിന് 13, ഡി.എം.കെ, ആം ആദ്മി പാർട്ടി എന്നിവർക്ക് 10 വീതം അംഗങ്ങളുമാണുള്ളത്. ഈ വർഷം ഇനി രാജ്യസഭയിലെ 11 ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. അസം, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടു വീതവും തെലങ്കാന, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽനിന്ന് ഓരോ സീറ്റുവീതവുമാണ് ഒളിവുള്ളത്.
ഇതിൽ പരമാവധി എട്ടു സീറ്റുകളിലെങ്കിലും ബി.ജെ.പിക്ക് ജയിക്കാനാകും. അപ്പോഴും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ ഭരണകക്ഷിക്കാവില്ല. സുപ്രിംകോടതി ഉത്തരവു പ്രകാരം ഈ വർഷം സെപ്റ്റംബറിനുള്ളിൽ ജമ്മു കശ്മിരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അവിടെ നിന്നുള്ള നാല് സീറ്റുകളും നികത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."