മഹാരാഷ്ട്രയില്‍ ജയ് ശ്രീറാം വിളികളോടെ പള്ളി അക്രമിച്ചു, കാവിക്കൊടി നാട്ടി; മുസ്‌ലിംകള്‍ക്കെതിരേ വ്യാപക ആക്രമണവും
മുംബൈ: മഹാരാഷ്ട്രയില്‍ ജയ് ശ്രീറാം വിളികളോടെ പള്ളിക്ക് മേല്‍ അതിക്രമിച്ച് കയറിയും മിനാരങ്ങള്‍ തകര്‍ത്തും തീവ്ര ഹിന്ദുത്വവാദികള്‍. കോളാപൂര്‍ മേഖലയിലെ മസ്ജിദുല്‍ റാസ ആണ് ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്. ജയ് ശ്രീറാം മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ അമ്പതോളം പേരാണ് ആക്രമണം നടത്തിയത്. പള്ളിക്ക് മുകളില്‍ കയറിയ അക്രമികള്‍ മിനാരാങ്ങള്‍ (താഴികക്കുടം) പിക്കാസുകള്‍ ഉപയോഗിച്ച് ഭാഗികമായി തകര്‍ക്കുകയും ഉള്ളില്‍ കയറി ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ളവ കീറിയെറിയുകയുംചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവി വസ്ത്രങ്ങള്‍ ധരിച്ചവര്‍ ഷൂവും ചെരുപ്പുകളുമിട്ട് പള്ളിക്കുള്ളില്‍ കയറുന്നതും മിനാരം ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മുന്‍ രാജ്യസഭാംഗം സംഭാജി രാജെ ഛത്രപതിയുടെ അനുയായികളാണ് ആക്രമണം നടത്തിയത്. ഹിന്ദുത്വവാദിയായ ഇദ്ദേഹത്തെ ഒന്നാം മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു.
ഇതോടൊപ്പം പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണവും സംഘം അഴിച്ചുവിട്ടു. 40 പേര്‍ക്ക് പരുക്കുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടമെന്ന് പ്രദേശത്തെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് ഇമ്രാന്‍ സനദി പറഞ്ഞു. വാളുകളും ഡണ്ഡുകളം ഉപയോഗിച്ചായിരുന്നു ആക്രമണം. ചിലരുടെ പരുക്ക് സാരമാണ്. അക്രമികള്‍ മുസ്‌ലിം വീടുകളും ലക്ഷ്യംവച്ചു. പരുക്കേറ്റവരെല്ലാം മുസ്‌ലിംകളാണ്. ഇതില്‍ ആറുവയസുള്ള കുട്ടിയും ഉള്‍പ്പെടുമെന്നും ഇമ്രാന്‍ സനദി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് മജ്‌ലിസ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വൈകീട്ടോടെ പ്രകടനം നടത്തി. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
നിയമവിരുദ്ധ കൈയേറ്റം ഒഴിപ്പിക്കണം, മൃഗബലി നിരോധിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മേഖലയില്‍ ഹിന്ദുത്വവാദികള്‍ പ്രചാരണപരിപാടികള്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."