ഇടുക്കി ഒളിപ്പിച്ചുവച്ച ദൃശ്യഭംഗി; റിപ്പിള്‍ വെള്ളച്ചാട്ടം കാണാന്‍ പോകാം..
ഇടുക്കി ഒളിപ്പിച്ചുവച്ച ദൃശ്യഭംഗിയെന്നു മടിക്കാതെ വിശേഷിപ്പിക്കാവുന്നയിടമാണ് റിപ്പിള്‍. കേട്ടറിഞ്ഞു വിനോദ സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമായി മാറുകയാണു റിപ്പിള്‍ വെള്ളച്ചാട്ടം. വെള്ളത്തൂവല്‍ പഞ്ചായത്തിലെ എല്ലക്കല്‍ പോത്തുപാറയ്ക്കു സമീപമാണു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മുതിരപ്പുഴയാറില്‍ നിന്ന് രൂപംകൊണ്ട ഈ പ്രകൃതിദത്ത വെള്ളച്ചാട്ടം നിബിഡ വനങ്ങള്‍ക്കിടയില്‍ 1,600 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാറകളില്‍ നിന്ന് വെള്ളം താഴേക്ക് ഒഴുകുമ്പോള്‍ അത് സൃഷ്ടിക്കുന്ന അലയടി ശബ്ദം കൊണ്ടാണ് റിപ്പിള്‍ വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത്.
അധികം അപകടങ്ങളില്ലാതെ കണ്ടാസ്വദിക്കാം എന്നതിനാല്‍ ഇത് സഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകര്‍ഷിക്കുന്നു. 100 അടിയോളം ഉയരത്തില്‍ നിന്നു വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. മുകള്‍ ഭാഗത്തു നിന്നു കുത്തനെ പാറകളില്‍ തട്ടി ചാറ്റല്‍ മഴ പെയ്യുംപോലെയാണ് വെള്ളം പതിക്കുന്നത്.
ഇടതൂര്‍ന്ന വനങ്ങളുടെ ഹൃദയഭാഗത്താണ് റിപ്പിള്‍സ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് എന്നതിനാല്‍, അപൂര്‍വയിനം പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. അതിനാല്‍ ഈ സ്ഥലം പക്ഷി നിരീക്ഷകരുടെയും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെയും കേന്ദ്രമാണ്. വെള്ളച്ചാട്ടത്തിലേക്കുള്ള വഴി താഴ്വരകളുടെയും കുന്നുകളുടെയും മനോഹരമായ കാഴ്ച നല്‍കുന്നതാണ്.
അടിത്തട്ടില്‍ നിന്ന് റിപ്പിള്‍സ് വെള്ളച്ചാട്ടത്തിന്റെ മുകളിലേക്കുള്ള റൂട്ട് ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍ നല്‍കും. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വഴി തെരഞ്ഞെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് ട്രെക്കിംഗ് നടത്താവുന്നതാണ്. പോത്തുപാറയില്‍ നിന്നു 400 മീറ്റര്‍ ദൂരം മണ്‍ റോഡ് ആയതിനാല്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്നതു ട്രക്കിങ് ജീപ്പിലാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വെള്ളത്തൂവല്‍ പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ടൂറിസം വകുപ്പു ഇടപെട്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മൂന്നാര്‍ ബസ് സ്റ്റേഷനില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് റിപ്പിള്‍സ് വെള്ളച്ചാട്ടം. സന്ദര്‍ശകര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഏത് തരത്തിലുള്ള ഗതാഗത മാര്‍ഗ്ഗത്തിലൂടെയും എളുപ്പത്തില്‍ ഇവിടെയെത്താം. ഒരു ടാക്‌സി അല്ലെങ്കില്‍ ബസ് ആണ് ഈ യാത്രയ്ക്ക് സാധാരണയായി ഉപയോഗിക്കുന്നത്. കുഞ്ചിത്തണ്ണിയില്‍ നിന്നു 4 കിലോമീറ്റര്‍ ദൂരം. കുഞ്ചിത്തണ്ണി - രാജാക്കാട് റോഡില്‍ എല്ലക്കല്ലില്‍ എത്തി പോത്തുപാറ വഴി വെള്ളച്ചാട്ടത്തിലെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."