മഴക്കാലമല്ലേ..., ചായക്കൊപ്പം കറുമുറെ കൊറിക്കാന്‍ ഒരു മസാല പൊരി ഉണ്ടാക്കിയാലോ
മലയാളികളെല്ലാം പൊരി പ്രിയരാണ്. ഉത്സവപറമ്പുകളിലും പള്ളിപ്പെരുന്നാളിനും എന്നുവേണ്ട എല്ലാ ആഘോഷപരിപാടികളിലും വഴിയോരക്കച്ചവടക്കാരില്‍ നിന്നു നമ്മള്‍ സ്ഥിരമായി വാങ്ങിക്കഴിക്കുന്ന ഒന്നാണ് പൊരി. കൂടാതെ നമ്മുടെ നാട്ടിലെ കടകളിലൊക്കെ വളരെ വിലക്കുറവില്‍ കിട്ടുന്നതു കൊണ്ടും കുട്ടികള്‍ക്ക് കൊടുക്കാന്‍ കൊറി പലഹാരമായതിനാലും നമ്മള്‍ ഇത് വാങ്ങിക്കഴിക്കാറുണ്ട്.
ഇവ തയാറാക്കുന്നത് കണ്ടിട്ടുണ്ടോ? വൃത്തിഹീനമായ രീതിയില്‍ വെറും നിലത്തിട്ട് ചവിട്ടിക്കുഴച്ചുണ്ടാക്കുന്നപൊരി തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങള്‍ നമ്മള്‍ പല വിഡിയോകളിലും കണ്ടിട്ടുണ്ട്. അതുകൊണ്ട് വീട്ടില്‍ തന്നെ പലരീതിയിലും ഇത് തയാറാക്കാവുന്നതേയുള്ളൂ..
ഇന്ന് ഒരു പൊരി സ്‌പെഷല്‍ ആവട്ടെ.
പൊരി- 2 കപ്പ്
നിലക്കടല- ഒരു ചെറിയ കപ്പ്
അണ്ടിപ്പരിപ്പ്/ ബദാം -ഒരു പിടി
കറിവേപ്പില-രണ്ട് തണ്ട്
പൊട്ടുകടല- കാല്‍ കപ്പ്
വെളുത്തുള്ളി- 3 അല്ലി
കായം- കാല്‍ ടീസ്പൂണ്‍
മുളകുപൊടി - അര സ്പൂണ്‍
നെയ്യ് - ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതിലേക്ക് കുറച്ചു നെയ്യൊഴിച്ച് കടലയും പൊട്ടുകടലയും അണ്ടിപ്പരിപ്പും ബദാമും കറിവേപ്പിലയും എന്നിവ ഓരോന്നോരോന്നായി വറുത്തു മാറ്റിവയ്ക്കുക. ഇനി ഇതിലേക്ക് വെളുത്തുള്ളിയിട്ട് വഴറ്റിയതിനു ശേഷം പൊരിയിട്ടു കൊടുക്കുക.
എന്നിട്ട് നന്നായി ഇളക്കുക. ഇതിലേക്ക് ഉപ്പ് മുളകുപൊടി കായപ്പൊടി എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത ശേഷം അതിലേക്ക് ആദ്യം വറുത്തു വച്ചിരിക്കുന്നവ ഇട്ട് നന്നായി മിക്‌സ് ചെയ്ത് യോജിപ്പിക്കുക. അടിപൊളി റോസ്റ്റഡ് പൊരി തയാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."