തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയും ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി; രക്ഷപ്പെടുത്തി
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗിയും ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്നും സി.ടി. സ്‌കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്.
ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് പണി മുടക്കിയത്. ലിഫ്റ്റ് ഉളളില്‍നിന്നും തുറക്കാന്‍ കഴിയാതാകുകയായിരുന്നു. ഡോക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എമര്‍ജന്‍സി അലാറം മുഴക്കുകയും ഡോക്ടര്‍ ഫോണില്‍ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇരുവരെയും പുറത്തേക്ക് എത്തിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ എന്ന രോഗി 42 മണിക്കൂര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. പേടിച്ചുവിറച്ച് അവശനിലയിലായ രവീന്ദ്രനെ മലമൂത്ര വിസര്‍ജ്യങ്ങള്‍ക്ക് നടുവില്‍ നിന്ന് ഇന്നലെ രാവിലെ സാങ്കേതികപ്രശ്നം പരിഹരിക്കാനെത്തിയ ലിഫ്റ്റ് ഓപറേറ്റാണ് രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പതിനായിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസ് ഉള്‍പ്പെട്ട ഓര്‍ത്തോ ഒ.പി ബ്ലോക്കിലെ ലിഫ്റ്റിനുള്ളില്‍ രവീന്ദ്രന്‍ കുടുങ്ങിയത്. പടി കയറാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒന്നാംനിലയില്‍ ഡോക്ടറെ കണ്ടതിനു ശേഷം രണ്ടാംനിലയിലെ ലാബിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറുകയായിരുന്നു. ഇടയ്ക്കുവച്ച് ഒരു ശബ്ദത്തോടെ ആടിയുലഞ്ഞ് ലിഫ്റ്റ് നിന്നു. ഇതിന്റെ ആഘാതത്തില്‍ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ ലിഫ്റ്റിന്റെ ഫ്ളോറില്‍ വീണ് പൊട്ടി. മൊബൈല്‍ ഫോണില്‍ സഹായംതേടി വിളിക്കാന്‍ കഴിയാതായതോടെ ലിഫ്റ്റിനുള്ളില്‍ സ്ഥാപിച്ചിരുന്ന അലാറം സ്വിച്ച് അമര്‍ത്തിയെങ്കിലും ആരും വന്നില്ല. കാറ്റും വെളിച്ചവുമില്ലാത്ത ഇരുട്ടുമുറിയില്‍ രക്ഷകനെതേടി ലിഫ്റ്റില്‍ തട്ടി അലറിവിളിച്ചു. ആരും കേട്ടില്ല. ലിഫ്റ്റില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് നോക്കാതെ ഓപറേറ്റര്‍ പോകുകയായിരുന്നു. ഞായറാഴ്ച പൊതു അവധിയായതിനാല്‍ ഒ.പിയോ സൂപ്രണ്ടിന്റെ ഓഫിസോ പ്രവര്‍ത്തിച്ചിരുന്നില്ല.
ശനിയാഴ്ച രാവിലെ ഡോക്ടറെ കാണാനെന്ന് പറഞ്ഞാണ് ചികിത്സയുടെ രേഖകളുമായി രവീന്ദ്രന്‍ വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടുകാര്‍ കരുതി ആശുപത്രിയില്‍ ഡോക്ടറെ കണ്ടതിനുശേഷം നിയമസഭയില്‍ ഡ്യൂട്ടിക്ക് പോയതാണെന്ന്. നൈറ്റ് ഡ്യൂട്ടിയും എടുക്കാറുള്ള രവീന്ദ്രന്‍ ഞായറാഴ്ച രാവിലെയും എത്തിയില്ല. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അന്വേഷിക്കാനിറങ്ങിയ കുടുംബം, രവീന്ദ്രനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കി. ഈസമയം നരകയാതന അനുഭവിച്ച് രവീന്ദ്രന്‍ രക്ഷകനെയും കാത്ത് തളര്‍ന്നു കിടക്കുകയായിരുന്നു ലിഫ്റ്റിനുള്ളില്‍. അതേസമയം, ലിഫ്റ്റിന് നേരത്തെതന്നെ തകരാര്‍ ഉണ്ടായിരുന്നുവെന്നാണ് ഓപറേറ്റര്‍ പറയുന്നത്. എന്നാല്‍, തകരാറുള്ള ലിഫ്റ്റിന് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് രവീന്ദ്രന്റെ കുടംബം ആരോപിക്കുന്നു. സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം.
മൂന്ന് ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍
മെഡിക്കല്‍ കോളജ് ഒ.പി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്നു ജീവനക്കാരെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഡ്യൂട്ടി സര്‍ജന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയരക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."