കര്‍ണാടകയിലെ മണ്ണിടിച്ചില്‍: കാണാതായവരില്‍ കോഴിക്കോട് സ്വദേശിയായ ഡ്രൈവറും; ലോറിയടക്കം മണ്ണിനടിയിലെന്ന് സംശയം, തെരച്ചില്‍ ഊര്‍ജ്ജിതം
ബംഗളൂരു: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയുമെന്ന്‌സൂചന. കോഴിക്കോട് സ്വദേശി അര്‍ജ്ജുന്‍ മണ്ണിടിച്ചിലില്‍ ഉള്‍പെട്ടെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. നാലു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. അര്‍ജുനും ലോറിയും മണ്ണിനടിയിലെന്നാണ് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. അര്‍ജുന്റെ ഫോണ്‍ രണ്ട് തവണ ഓണായെന്ന് ലോറി ഉടമ പറഞ്ഞു.
തുടര്‍ച്ചയായി അര്‍ജ്ജുനെ വിളിക്കുന്നതിനിടെ ഫോണ്‍ രണ്ട് തവണ റിങ് ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെയും ഇന്ന് രാവിലേയും റിങ് ചെയ്‌തെന്നാണ് ഭാര്യ പറയുന്നത്.
നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കര്‍ണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടതായി മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന് എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. കാസര്‍കോട് കലക്ടറുമായി സംസാരിച്ചതായും അന്വേഷിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ നിന്നും തടി കയറ്റി വരികയായിരുന്നു ലോറി. അര്‍ജുന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും.
'റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടക്കുന്നത്. ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ല. എസി ഓണ്‍ ചെയ്ത് ഫുള്‍ കവര്‍ ചെയ്ത വണ്ടിയാണ്. അതുകൊണ്ട് മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കില്‍ അര്‍ജുനെ ജീവനോടെ രക്ഷിക്കാന്‍ കഴിയും. ഇടയ്ക്കിടയ്ക്ക് ഫോണ്‍ സ്വിച്ച് ഓണ്‍ ആകുന്നതിലും പ്രതീക്ഷയുണ്ട്'– ലോറി ഉടമ മനാഫ് പറഞ്ഞു.
നിരവധി വാഹനങ്ങള്‍ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങള്‍ മാത്രമേ മണ്ണിടിച്ചിലില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു ആദ്യഘട്ടത്തില്‍ അധികൃതര്‍ മനസിലാക്കിയിരുന്നത്. എന്നാല്‍ അപകടത്തെ അതിജീവിച്ച ഒരു യുവാവാണ് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."