അങ്ങനെ മരണാനന്തരം റഹീം അലിയെ തേടിയെത്തി ഇന്ത്യന്‍ പൗരനെന്ന അംഗീകാരം; ഇങ്ങനെയാണ് ആ മനുഷ്യനെ വ്യാഴവട്ടക്കാലം 'ഇന്ത്യന്‍ നീതി' ഭീതിമുനയില്‍ നിര്‍ത്തിയത്
ഒടുവില്‍ മരണാനന്തരം റഹീം അലിയെ ഇന്ത്യന്‍ പൗരനായി നീതിപീഠം അംഗീകരിച്ചു. ഒരു വ്യാഴവട്ടക്കാലത്തിലേറെയായി കാത്തിരുന്ന് കിട്ടിയ അംഗീകാരം. സുപ്രിം കോടതിയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന വിധി പക്ഷേ അനുഭവിക്കാന്‍ അസം സ്വദേശി റഹീം അലി ഇല്ല എന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ തിളക്കമറ്റതാവുകയാണ്. 'വിദേശി'യെന്നും നുഴഞ്ഞു കയറ്റുക്കാരനെന്നുമൊക്കെ ഭരണകൂടം പതിച്ചു നല്‍കിയ ലേബലില്‍ തന്നെ രണ്ടര വര്‍ഷം മുമ്പ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. 12 വര്‍ഷക്കാലം നല്‍ബാരി ജില്ലയിലെ കാശിംപൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് താന്‍ പുറത്താക്കപ്പെടുന്ന ഭയപ്പാട് നിറഞ്ഞതായിരുന്നു ആ മനുഷ്യന്റെ രാപ്പകലുകള്‍.
'ഇനിയിതു കൊണ്ടെന്തു കാര്യം' പൗരത്വമെന്ന അംഗീകാരം മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ ഭാര്യ ഹാജറാ ബീവി ചോദിക്കുന്നു. താന്‍ പുറത്താക്കപ്പെടുമെന്ന ഭയം അദ്ദേഹത്തോടൊപ്പം അവസാനിച്ചിരിക്കുന്നു. അലംബാവത്തോടെ നീങ്ങിയ നീതിക്കു മുന്നില്‍ ഉറച്ച ശബ്ദത്തോടെ അവര്‍ പറയുന്നു. ഇനിയോപ്പോ ആരം അദ്ദേഹത്തെ ഖബറില്‍ നിന്നെടുത്ത് വിദേശിയെന്ന് ആക്ഷേപിക്കില്ലല്ലോ- ദേഷ്യവും സങ്കടവും നിറഞ്ഞ ഈ പ്രസ്താവന അക്ഷരാര്‍ഥത്തില്‍ നീതിപീഠത്തിന് കേള്‍ക്കാന്‍ കൂടിയുള്ളതാണ്.
ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി കുടിയേറിയെന്നാരോപിച്ചായിരുന്നു 2004ല്‍ റഹീം അലിയുടെ പൗരത്വം റദ്ദാക്കപ്പെട്ടത്. തുടര്‍ന്ന് വ്യാഴവട്ടമായി ഇന്ത്യക്കാരനെന്ന് തെളിയിക്കാനുള്ള ഓട്ടത്തിലായിരുന്നു റഹീം അലിയും കുടുംവും.ആകെയുണ്ടായിരുന്ന നാല് പശുക്കളില്‍ മൂന്നെണ്ണത്തിനെയും അഞ്ച് ആടുകളെയും ഭൂമിയും എല്ലാം പണയംവച്ചും വിറ്റുമാണ് പൗരത്വത്തിനുവേണ്ടി റഹീമും കുടുംബവും കേസ് നടത്തിയിരുന്നത്.
നേരത്തെ റഹീം അലി ഹാജരാക്കിയ രേഖകളിലെ അക്ഷരവിന്യാസത്തിലെയും തിയതികളിലെയും പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഫോറിന്‍ ട്രിബൂണല്‍ അദ്ദേഹത്തെ വിദേശിയാക്കിയത്. ഇതു ചോദ്യംചെയ്ത് റഹീം ആദ്യം ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. 2015 നവംബറില്‍ ഹൈക്കോടതി അപേക്ഷതള്ളി. ഇതോടെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. പൗരത്വം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും വിദേശി ആണെന്ന നിലപാടാണ് ട്രൈബ്യൂണല്‍ സ്വീകരിച്ചത്.
അലച്ചിലുകള്‍ക്കൊടുവില്‍ സുപ്രിം കോടതി അദ്ദേഹത്തിന്റെ പൗരത്വം അംഗീകരിച്ചു. പൊലിസ് നടപടികള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ ജസ്റ്റിസുമാരായ വിക്രം നാഥ്, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ലാഹ് എന്നിവരുടെ ബെഞ്ച് അദ്ദേഹം ഇന്ത്യന്‍ പൗരനാണെന്ന് വ്യക്തമാക്കുകയായിരുന്നു.
പൗരത്വം റദ്ദാക്കാനുള്ള ഒന്‍പതാം വകുപ്പ് ഉപയോഗിച്ച്, ഒരാളുടെ വീടിന്റെ വാതിലില്‍ മുട്ടി നിങ്ങള്‍ ഒരു വിദേശിയാണെന്ന് സംശയിക്കുന്നതായി പറയാന്‍ അധികൃതര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ട. അങ്ങനെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ക്കു സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ഒരാള്‍ കുറ്റാരോപിതനാണെങ്കില്‍ അയാള്‍ക്കെതിരെ പൊലിസിന്റെ പക്കലുള്ള തെളിവുകളുടെ വിവരങ്ങള്‍കൂടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.
അസമിലെ നാല്‍ബാരി ജില്ലയിലെ കാശിംപൂര്‍ സ്വദേശിയായ റഹീം, 2021 ഡിസംബര്‍ 28നാണ് മരിച്ചത്. അമ്പത്തിയെട്ടാം വയസ്സിലായിരുന്നു അന്ത്യം. റഹീം അലിക്ക് ഇന്ത്യന്‍ പൗരത്വം തിരികെ ലഭിച്ചത് കുടുംബവും അറിഞ്ഞില്ല. ഇദ്ദേഹത്തെത്തേടി കഴിഞ്ഞദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധി ഗുവാഹത്തിയിലെ വീട്ടിലെത്തിയപ്പോഴാണ് റഹീം അലിക്ക് അനുകൂലമായുള്ള കോടതി വിധി കുടുംബം അറിഞ്ഞത്.
സുപ്രിംകോടതിയില്‍ കേസ് നടത്തിയ അഭിഭാഷകനും മരണവിവരം അറിഞ്ഞില്ല. അസം പൗരത്വവും കുടിയേറ്റവും സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സുപ്രിംകോടതിയില്‍നിന്നുണ്ടായ സുപ്രധാന ഉത്തരവ് ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയായെങ്കിലും റഹീം അലി ജീവിച്ചിരിപ്പില്ലെന്നത് ആരും ശ്രദ്ധിച്ചതുമില്ല.
റഹീമിനുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കൗശിക് ചൗധരിയും മരണവിവരം അറിഞ്ഞില്ല. കീഴ്‌ക്കോടതി അഭിഭാഷകന്‍ മുഖേനയാണ് കേസ് ലഭിച്ചതെന്നും അതിനാല്‍ റഹീമിനെ നേരിട്ടറിയില്ലെന്നും കൗശിക് പറഞ്ഞു. റഹീം അലിയുടെ മരണശേഷം കുടുംബത്തിലെ ആരും അഭിഭാഷകരുമായി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ മുജിബുര്‍ റഹ്മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."