മികച്ച സമയം കുറിക്കാന്‍ സാധിച്ചതില്‍ സന്തോഷം: ടി ഗോപി
കല്‍പ്പറ്റ: കരിയറിലെ തന്റെ മികച്ച സമയത്തില്‍ ഒളിംപിക്‌സ് മാരത്തണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ താരം ടി ഗോപി. റിയോയില്‍ നിന്നു ഡല്‍ഹിയിലെത്തിയ ഗോപി ടെലഫോണിലൂടെ പ്രതികരിക്കുകയായിരുന്നു. 168 താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ 2.12 ദേശീയ റെക്കോര്‍ഡ് മറികടക്കണമെന്ന് ഉറച്ചാണ് ഓട്ടം തുടങ്ങിയത്. ആദ്യത്തെ 21 കിലോമീറ്റര്‍ പ്രതീക്ഷിച്ച സമയത്ത് ഓടിത്തീര്‍ക്കാനായി. എന്നാല്‍ പിന്നീടുള്ള ട്രാക്കില്‍ ഓടാന്‍ ഏറെ പണിപ്പെടേണ്ടി വന്നു.
30 കിലോമീറ്റര്‍ മറികടന്നപ്പോഴേക്കും പേശീവലിവ് അനുഭവപ്പെട്ടു. പിന്നീട് പ്രതീക്ഷിച്ച വേഗത്തില്‍ ഓടാന്‍ സാധിച്ചില്ല. അവസാന അഞ്ചു കിലോമീറ്റര്‍ ട്രാക്ക് ടൈല്‍ പാകിയതായതിനാല്‍ അവിടെയും പ്രതീക്ഷിച്ച വേഗം ലഭിച്ചില്ല. എങ്കിലും ഒരു ഇന്ത്യന്‍ മാരത്തണ്‍ താരത്തിന്റെ ഒളിംപിക്‌സിലെ മികച്ച സമയം കുറിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഊട്ടി കുന്നൂരിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് അന്തരീക്ഷത്തില്‍ നടത്തിയ പരിശീലനം തന്റെ മികവിനു മുതല്‍ക്കൂട്ടായെന്നും ഗോപി പറഞ്ഞു. ഊട്ടിയിലെ പരിശീലനത്തിനു ശേഷം രണ്ടു മാസം ബംഗളൂരുവിലും പരിശീലനം നടത്തിയിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കൂടി ഊട്ടിയില്‍ പരിശീലനം നടത്താന്‍ സാധിച്ചിരുന്നെങ്കില്‍ പ്രകടനം അല്‍പംകൂടി മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നെന്ന് ഗോപി പറഞ്ഞു.
168 പേര്‍ അണിനിരന്ന ട്രാക്കില്‍ 140 പേരാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. ഇതില്‍ 25ാം സ്ഥാനം ഗോപിക്കായിരുന്നു. 2.15.25 എന്ന സമയത്തിലാണ് ഗോപി ഫിനിഷ് ചെയ്തത്. 26ാമനായി ഇന്ത്യയുടെ തന്നെ ഖേതാറാമും ഫിനിഷ് ചെയ്തു. മുംബൈ മാരത്തണില്‍ ഗോപിയെ പിന്തള്ളി ഒന്നാമതെത്തിയ നിതേന്ദ്ര സിങ് റാവത്ത് ഫിനിഷ് ചെയ്തത് 84 സ്ഥാനത്താണ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന മുംബൈ മാരത്തണിലാണ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയ സ്വപ്നയോട്ടം ഗോപി നടത്തിയത്. ആര്‍മി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നടത്തിയ ഈ പട്ടാളക്കാരന്‍ മുംബൈ മാരത്തണില്‍ ടീമിലെ അംഗങ്ങളെ വേഗ നിയന്ത്രണത്തില്‍ സഹായിക്കാന്‍ 'പേസ് മേക്കറാ'യാണ് ട്രാക്കിലിറങ്ങിയത്. ആകെ 42 കിലോമീറ്റര്‍ ദൂരത്തില്‍ 25 കിലോമീറ്റര്‍ ഓടി ടീമംഗങ്ങളെ വേഗനിയന്ത്രണത്തില്‍ സഹായിക്കുകയെന്നതായിരുന്നു കര്‍ത്തവ്യം. എന്നാല്‍ 25 കിലോമീറ്റര്‍ ഓടിയിട്ടും തളരാതെ ഗോപി 42 കിലോമീറ്ററും മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തു. രണ്ടു മണിക്കൂര്‍ 16 മിനുട്ട് 15 സെക്കന്‍ഡില്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതെത്തിയ ഗോപിക്ക് ഒളിംപിക്‌സിലേക്കുള്ള വഴിയും തുറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."