അർജുനായി പ്രതീക്ഷയോടെ കാത്തിരിപ്പ്; രാവിലെ മുതൽ തിരച്ചിൽ ഊർജ്ജിതം; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം
കോഴിക്കോട്: കർണാടക അങ്കോളയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി യുവാവിനായി തിരച്ചിൽ ഊർജിതം. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഇതാണ് ഇന്ന് പുലർച്ചെ വീണ്ടും ആരംഭിച്ചത്. അതേസമയം അർജുൻ മണ്ണിനടിയിൽപ്പെട്ട് അഞ്ചാം ദിവസത്തിലാണ് തിരച്ചിൽ നടക്കുന്നത്.
വെള്ളിയാഴ്ച രാത്രി രക്ഷാപ്രവർത്തനം നടത്താൻ വലിയ ലൈറ്റുകൾ ഉൾപ്പെടെ കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. എന്നാൽ പ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം തുടർന്നിരുന്നു. എന്നാൽ മഴ അതിശക്തമായതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചിൽ നിർത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ ഇന്നലെ അറിയിക്കുകയായിരുന്നു.
16ന് രാവിലെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ കക്കോടി കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുൾപ്പെടെ അർജുൻ മണ്ണിനടിയിൽപ്പെട്ടെന്നാണ് നിഗമനം. അർജുനെ കാണാനില്ലെന്ന് ബന്ധുക്കൾ രക്ഷാപ്രവർത്തകരെ അറിയിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി രംഗത്തെത്തി.
അടിയന്തര ഇടപെടൽ നടത്താൻ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിന് നിർദേശം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുമയച്ചു. മോട്ടോർവാഹന വകുപ്പിലെ മൂന്നംഗ സംഘം കർണാടകയിലെത്തി. അടിയന്തര നടപടി ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഫോണിൽ വിളിച്ചു.
അതേസമയം, രാവിലെ തന്നെ റഡാർ ഉപകരണം സ്ഥലത്ത് എത്തിക്കും. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്താനാണ് തീരുമാനം. നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലിസ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
നാലു ദിവസമായി അർജുനും ലോറിയും മണ്ണിടിച്ചിലിൽപെട്ടുവെങ്കിലും ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്. തിരച്ചിലിനായി ഇന്നലെ ഉച്ചയോടെ നേവിയുടെ സംഘം എത്തി. മുങ്ങൽ വിദഗ്ധരടക്കം നാവിക സേനയുടെ എട്ടംഗസംഘമാണെത്തിയത്. ലോറി പുഴയിലേക്ക് ഒഴുകിയെന്ന നിഗമനത്തിൽ പ്രതികൂല കാലാവസ്ഥയിലും ഗംഗാവലിപ്പുഴയിലിറങ്ങി തിരച്ചിൽ നടത്തി. എന്നാൽ ലോറി കണ്ടെത്തിയിട്ടില്ല. ലോറിയിൽ 40ടൺ മരമുള്ളതിനാൽ പുഴയിൽ ഒഴുകിപ്പോകാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളഞ്ഞു. ലോറിയുടെ എൻജിൻ വ്യാഴാഴ്ച്ച രാത്രിയും പ്രവർത്തിച്ചുവെന്ന് ഭാരത് ബെൻസ് അധികൃതരും പറഞ്ഞു. ജി.പി.എസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. അതിനാൽ മണ്ണു നീക്കി ലോറി കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്.
എന്നാൽ പ്രദേശത്ത് ശക്തമായ മഴപെയ്യുന്നതും വീണ്ടും മണ്ണിടിയാനുള്ള സാധ്യത രക്ഷാപ്രവർത്തനത്തിനുതടസം സൃഷ്ടിക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികൾ ഉൾപ്പെടെ നിർത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായത്. രണ്ടു വാഹനങ്ങൾ മാത്രമേ മണ്ണിടിച്ചിലിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്നായിരുന്നു ആദ്യഘട്ടത്തിൽ അധികൃതർ മനസിലാക്കിയിരുന്നത്. എന്നാൽ അപകടത്തെ അതിജീവിച്ച ഒരു യുവാവാണ് കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചത്.
പ്രദേശത്തെ ഒരു ചായക്കടയോടു ചേർന്നാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു. പത്തുപേർ കുടുങ്ങിയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."