ലോറി റഡാറില്‍ തെളിഞ്ഞു; രക്ഷാദൗത്യത്തില്‍ വഴിത്തിരിവ്, അര്‍ജുനായി പ്രതീക്ഷയോടെ നാട്
ബംഗളുരു: കര്‍ണാടകയില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വഴിത്തിരിവ്. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. മണ്‍കൂനയ്ക്കിടയിലാണ് ലോറിയുള്ളത്. എന്നാല്‍ എത്ര താഴ്ച്ചയിലാണെന്നോ എപ്പോള്‍ പുറത്തെടുക്കാനാകുമെന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അര്‍ജുനെ കൂടാതെ, രണ്ട് പേരും കണ്ടെത്താനുണ്ട്.
ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പൊലിസ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അര്‍ജുന്‍ മണ്ണിനടിയില്‍പ്പെട്ട് അഞ്ചാം ദിവസത്തിലാണ് തിരച്ചില്‍ നടക്കുന്നത്. വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ ഉള്‍പ്പെടെ കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. എന്നാല്‍ പ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മഴയെ അവഗണിച്ചും തെരച്ചില്‍ അല്‍പസമയം തുടര്‍ന്നിരുന്നു. എന്നാല്‍ മഴ അതിശക്തമായതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ ഇന്നലെ അറിയിക്കുകയായിരുന്നു.
16ന് രാവിലെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ കക്കോടി കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെന്നാണ് നിഗമനം. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി രംഗത്തെത്തി.
അടിയന്തര ഇടപെടല്‍ നടത്താന്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുമയച്ചു. മോട്ടോര്‍വാഹന വകുപ്പിലെ മൂന്നംഗ സംഘം കര്‍ണാടകയിലെത്തി. അടിയന്തര നടപടി ആവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഫോണില്‍ വിളിച്ചു.
തിരച്ചിലിനായി ഇന്നലെ ഉച്ചയോടെ നേവിയുടെ സംഘം എത്തി. മുങ്ങല്‍ വിദഗ്ധരടക്കം നാവിക സേനയുടെ എട്ടംഗസംഘമാണെത്തിയത്. ലോറി പുഴയിലേക്ക് ഒഴുകിയെന്ന നിഗമനത്തില്‍ പ്രതികൂല കാലാവസ്ഥയിലും ഗംഗാവലിപ്പുഴയിലിറങ്ങി തിരച്ചില്‍ നടത്തി. എന്നാല്‍ ലോറി കണ്ടെത്തിയില്ല. ലോറിയില്‍ 40ടണ്‍ മരമുള്ളതിനാല്‍ പുഴയില്‍ ഒഴുകിപ്പോകാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളഞ്ഞു. ലോറിയുടെ എന്‍ജിന്‍ വ്യാഴാഴ്ച്ച രാത്രിയും പ്രവര്‍ത്തിച്ചുവെന്ന് ഭാരത് ബെന്‍സ് അധികൃതരും പറഞ്ഞു. ജി.പി.എസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായത്. രണ്ടു വാഹനങ്ങള്‍ മാത്രമേ മണ്ണിടിച്ചിലില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു ആദ്യഘട്ടത്തില്‍ അധികൃതര്‍ മനസിലാക്കിയിരുന്നത്. എന്നാല്‍ അപകടത്തെ അതിജീവിച്ച ഒരു യുവാവാണ് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."