യു.എ.ഇയില്‍ പ്രതിഷേധം; ബംഗ്‌ളാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു
ദുബൈ: മാതൃരാജ്യത്തെ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ ഒരുകൂട്ടം ബംഗ്‌ളാദേശ് പൗരന്മാരെ യു.എ.ഇയില്‍ അറസ്റ്റ് ചെയ്തതായി വിവരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച യു.എ.ഇയിലെ തെരുവുകളില്‍ ഒത്തുകൂടി കലാപമുണ്ടാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പബ്‌ളിക് പ്രോസിക്യൂഷന്‍ ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിടുകയും ചെയ്തു.
പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുകയും ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പൊതുയോഗം ചേര്‍ന്നതും, അശാന്തി സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്വന്തം രാജ്യത്തെ സര്‍ക്കാരിനെതിരെ പ്രതിഷേധച്ചതും, നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചതുമടക്കമുള്ള ലംഘനങ്ങള്‍ ഇവര്‍ ചെയ്തതതായി അധികൃതര്‍ പറഞ്ഞു. വ്യക്തികളെ അപകടപ്പെടുത്തല്‍, ഗതാഗതം തടയല്‍, കയ്യേറ്റം, പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ഇവര്‍ ചെയ്തുവെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ഈ നടപടികള്‍ സംസ്ഥാന സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഭീഷണിയാണെന്നും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ അപകടത്തിലാക്കുമെന്നും അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഡോ. ഹമദ് അല്‍ ഷംസിയുടെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷന്‍ പറഞ്ഞു.
കൂടുതല്‍ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രാജ്യത്ത് താമസിക്കുന്ന എല്ലാവരോടും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കണമെന്നും അത്തരം ആഹ്വാനങ്ങളിലും പ്രവൃത്തികളിലും വഴങ്ങരുതെന്നും അല്‍ ഷംസി അഭ്യര്‍ഥിച്ചു. കഠിനമായി ശിക്ഷിക്കപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."