നിപ: കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ മേല്‍നോട്ടത്തില്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ജയേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചികിത്സ. ആസ്‌ത്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് ഇന്ന് എത്തും. നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ വിഭാഗങ്ങളിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളും ക്രമീകരിച്ചു.
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി പതിനാലുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് നിപാ പോസിറ്റീവായതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കുട്ടിക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചിരുന്നു.
കുട്ടിയുടെ സ്രവം ഇന്നലെ വീണ്ടും പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. നിപാ സ്ഥിരീകരിച്ചോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്.60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. രോഗം ബോധിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് തയാറാക്കി. നിപാ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. നിപാ നിയന്ത്രണത്തിനായി രൂപീകരിച്ച 25 കമ്മിറ്റികള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.
ചികിത്സയ്ക്ക് ആവശ്യമായ മോണോക്ലോണല്‍ ആന്റിബോഡി പൂനെ വൈറോളജി ലാബില്‍നിന്ന് ഇന്നു രാവിലെ കോഴിക്കോട്ടെത്തും. മറ്റു മരുന്നുകളും മാസ്‌ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവയും എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് മന്ത്രി നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ മുറികളും ആറ് ബെഡുള്ള ഐ.സി.യുവും സജ്ജീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ 15 പേരുടെ സ്രവങ്ങള്‍ പരിശോധനക്കെടുത്തു. മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ തുറന്നു. മന്ത്രി വീണ ജോര്‍ജ് ഇന്നലെ മലപ്പുറത്തെത്തി ആരോഗ്യപ്രവര്‍ത്തകരുടെ അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. മന്ത്രി ജില്ലയില്‍ ക്യാംപ് ചെയ്യും.
കഴിഞ്ഞ 10നാണ് കുട്ടി പനി ബാധിച്ച് പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെയടുത്ത് ചികിത്സ തേടിയത്. പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്കും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. നിലവില്‍ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
കേരളത്തില്‍ അഞ്ചാം തവണ
മലപ്പുറം: സംസ്ഥാനത്ത് നിപാ വൈറസ് സ്ഥിരീകരിക്കുന്നത് അഞ്ചാം തവണ. 2018 ല്‍ ആദ്യതവണ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ മരിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023 ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ടു പേരും മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ നിപ സ്ഥിരീകരിച്ച കുട്ടി വവ്വാല്‍ കടിച്ച പഴം കഴിച്ചതായി ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ബോധ്യമായി. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയശേഷമേ സ്ഥിരീകരണമുണ്ടാകൂ.
മാസ്‌ക് ധരിക്കണം
മലപ്പുറം: നിപാബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."