സംസ്ഥാനത്ത് പക്ഷികളുടെ എണ്ണം ഗണ്യമായി കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി പഠന റിപ്പോര്‍ട്ട്. ഒരു കാലത്ത് പക്ഷികളുടെ പ്രിയ സങ്കേതമായിരുന്ന സംസ്ഥാനത്ത് പച്ചത്തുരുത്തുകള്‍ കുറഞ്ഞതാണ് പക്ഷികള്‍ ഗണ്യമായി കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍-ഇന്‍ഡ്യ (ഡബ്‌ളിയു.ഡബ്‌ളിയു.എഫ് ഇന്‍ഡ്യ)നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
ദ്രുതഗതിയില്‍ മുന്നേറുന്ന നഗരവല്‍ക്കരണം, പരിസ്ഥിതിയുടെ താളംതെറ്റല്‍, മലിനീകരണം, വാസസ്ഥലം നഷ്ടമാകല്‍ എന്നിവയാണ് പക്ഷികളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം. കേരളത്തിന്റെ തനത് പക്ഷികളുടെ വംശനാശത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂന്തോട്ടങ്ങളിലെത്തിയ ചില വിദേശ പൂച്ചെടികളും പക്ഷികളെ അകറ്റാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു. വെര്‍ബനേസിയെ വംശത്തില്‍പ്പെട്ട അലാന്റ പോലുള്ള ചെടികളുടെ വ്യാപനം മറ്റ് ചെടികളുടേയും കുറ്റിച്ചെടികളുടേയും വളര്‍ച്ചയ്ക്ക് തടസ്സമായി. ഇതുവഴി പക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായി. അലാന്റ പോലെ തന്നെ പാശ്ചാത്യരാജ്യങ്ങള്‍ കള സസ്യങ്ങളായി കണക്കാക്കുന്ന കുളവാഴ, ധൃതരാഷ്ട്രപച്ച എന്നിവയുടെ വ്യാപനവും പക്ഷികളുടെ വാസസ്ഥലങ്ങളെ ഇല്ലാതാക്കി. ആല്‍മരങ്ങളും കുളങ്ങളും ഇല്ലാതായതും പക്ഷികളെ അകറ്റി.
പക്ഷികളുടെ എണ്ണത്തെ സംബന്ധിച്ച് വേള്‍ഡ് വൈഡ് ഫണ്ട് തയ്യാറാക്കുന്ന കേരളാ പക്ഷി ഭൂപട പദ്ധതി തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ പൂര്‍ണമായി. തിരുവനന്തപുരത്ത് പാതിവഴി പിന്നിട്ടു. തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ നടക്കുന്ന സര്‍വേയില്‍ വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വകുപ്പും സഹകരിക്കുന്നുണ്ട്. 30ലധികം പക്ഷി നിരീക്ഷകരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
നേരത്തേ വേള്‍ഡ് വൈഡ് ഫണ്ട് നടത്തിയ സര്‍വേയില്‍ ദേശാടന പക്ഷികളായ ഏഷ്യന്‍ വാട്ടര്‍ ഫോള്‍ അടക്കമുളള പക്ഷികള്‍ കേരളതീരം കൈവിട്ടതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."