സരസ് മേള: ആവേശത്തോടെ അന്യസംസ്ഥാന വനിതാ സംരംഭകര്‍
കൊല്ലം: കുടുംബശ്രീ, ഗ്രാമവികസന വകുപ്പ്, നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആശ്രാമം മൈതാനിയില്‍ നാളെ മുതല്‍ സെപ്റ്റംബര്‍ 13 വരെ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയില്‍ പങ്കെടുക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആവേശത്തോടെ വനിതാ സംരംഭകര്‍.
ഒറീസ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലുങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, സിക്കിം, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയല്‍ക്കൂട്ട- സ്വയം സഹായ സംഘങ്ങളിലെ വനിതാ സംരംഭകരാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിച്ചേര്‍ന്നിട്ടുള്ളത്.
ഉത്തര്‍ പ്രദേശില്‍ നിന്നും മറ്റൊരു സംഘം കൂടി ഇന്ന് എത്തിച്ചേരും. കഴിഞ്ഞ വര്‍ഷം കോട്ടയത്ത് സംഘടിപ്പിച്ച സരസ് മേളയില്‍ 18 സംസ്ഥാനങ്ങളിലെ സംരംഭകര്‍ പങ്കെടുത്തിരുന്നു. ഇത്തവണ മേളയുടെ ഉദ്ഘാടനത്തിന് മുന്‍പു തന്നെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകരെയും അവരുടെ ഉല്‍പ്പന്നങ്ങളെയും എത്തിക്കാന്‍ കഴിയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഔദ്യോഗികതലത്തില്‍ ഇതിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണ്. ഓരോ സംസ്ഥാനത്തിന്റെയും സംസ്‌കാരവും തനിമയും വ്യക്തമാക്കുന്ന കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, കലാരൂപങ്ങള്‍, പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ഥവും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി അണിനിരക്കും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ടു വാങ്ങാനുള്ള അവസരമാണ് സരസ് മേളയിലൂടെ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."