അപ്രതീക്ഷിത പിന്മാറ്റം; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി ജോ ബൈഡൻ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറി. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ ഡെമോക്രാറ്റിക്ക് പാർട്ടിക്കുള്ളിൽ നിന്നുതന്നെ സമ്മർദം ശക്തമായിരിക്കെയാണ് ബൈഡന്റെ പിന്മാറ്റം. സ്ഥാനാർഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം എകിസിലൂടെയാണ് ബൈഡൻ അറിയിച്ചത്.
രാജ്യത്തിന്റെയും പാർട്ടിയുടെയും താൽപര്യം മുൻനിർത്തിയാണ് പിന്മാറുന്നത്. പ്രസഡിന്റ് പദത്തിലെ കൃത്യനിർവഹണത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ട്രംപിനെതിരായി ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി കമലാ ഹാരിസിനെ ബൈഡൻ നിർദേശിച്ചിട്ടുണ്ട്. നവംബർ നാലിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിന് 4 മാസം മാത്രം ശേഷിക്കേയാണ് ജോ ബൈഡന്റെ പിന്മാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്നു ബൈഡൻ പിന്മാറണമെന്നു പാർട്ടിക്കകത്തും പുറത്തും ആവശ്യമുയർന്നിരുന്നു. ട്രംപിന് മുന്നിൽ ബൈഡന് പിടിച്ചുനിൽക്കാനാകില്ലെന്നും അത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്നും അഭിപ്രായമുയർന്നു. ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകുമെന്നാണ് പാർട്ടിയുടെ ഉള്ളിൽ നിന്നുള്ള സൂചന.
ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, ചക് ഷൂമർ തുടങ്ങിയവർ ജോ ബൈഡന്റെ സ്ഥാർഥിത്വത്തിൽ സംശയം ഉന്നയിച്ചിരുന്നു. ഇതും ബൈഡന്റെ പിന്മാറ്റത്തിന് കാരണമായെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയെന്നും ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത പിന്മാറ്റം ഉണ്ടായത്.
അതേസമയം, ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."