പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായുള്ള ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ 2023 - 2024 കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കും. നാളെയാണ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. ഇടക്കാല ബജറ്റും വോട്ട് ഓണ്‍ അകൗണ്ടും നേരത്തെ പാസാക്കിയിരുന്നു. ഈ മാസം 27ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സംയുക്ത സഭയെ അഭിസംബോധനചെയ്യും. സമ്മേളനം അടുത്തമാസം 12 വരെ നീണ്ടുനില്‍ക്കും. ബജറ്റിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ഇന്നലെ നടന്നു. യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സഹകരണം കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. സഹകരണത്തിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുമതി നല്‍കണമെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.
സ്പീക്കര്‍ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷം സഹകരിച്ചിട്ടും ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാതിരിക്കുന്നത് പ്രതിപക്ഷത്തിന് കടുത്ത അമര്‍ഷമാണുള്ളത്. ബജറ്റ്‌സമ്മേളനത്തില്‍ പ്രതിപക്ഷാംഗത്തെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
കാവടി യാത്രയ്ക്ക് മുന്നോടിയായുള്ള വര്‍ഗീയമായ ഉത്തരവ്, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച,ജമ്മു കശ്മീരിലെ ഭീകരാക്രമണം, ട്രെയിന്‍ അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സമ്മേളനത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."