ജി.എസ്.ടി; അടുത്ത നിയമസഭാ സമ്മേളനത്തില്‍ അംഗീകാരം നല്‍കുമെന്ന് തോമസ് ഐസക്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ഏകീകൃത ചരക്കു സേവന നികുതി(ജി.എസ്.ടി)ക്കായുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അംഗീകാരം നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.
ഡല്‍ഹിയില്‍ ഇന്നലെ നടന്ന ജി.എസ്.ടി ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. അതേസമയം, പുതിയ നികുതി ഘടന നടപ്പാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്ന ജി.എസ്.ടി കമ്പനിയുടെ ചെലവ് കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ചേര്‍ന്നുവഹിക്കാന്‍ ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി.
ജി.എസ്.ടി കമ്പനിയുടെ ചെലവ് നിരീക്ഷിക്കുന്നതിന് അഞ്ചംഗ മന്ത്രിതല സമിതി രൂപീകരിക്കാനും തോമസ് ഐസക്കിനെ സമിതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. സര്‍ക്കാരിനു 49 ശതമാനവും ഐ.ടി കമ്പനികള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ക്ക് 51 ശതമാനവും കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടാകും.
എന്നാല്‍, ജി.എസ്.ടി കമ്പനിയുടെ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന കേരളത്തിന്റെ ആവശ്യം സമിതി തള്ളി. നികുതി നിരക്കിന്റെ കാര്യത്തില്‍ ഇനിയും സമവായമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഐസക് സമിതിയില്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ ഭരണഘടനാഭേദഗതി ബില്ലിന് ഇതിനകം നിരവധി സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ഭരണഘടനാ ഭേദഗതിയായതിനാല്‍ പകുതിയിലേറെ സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. സംസ്ഥാനാന്തര നികുതി പങ്കിടല്‍, പരമാവധി പിരിക്കാവുന്ന നികുതിയുടെ പരിധി എന്നീ കാര്യങ്ങളില്‍ കേരളത്തിന് അഭിപ്രായ ഭിന്നതകളുണ്ട്. എതിര്‍പ്പു ചൂണ്ടിക്കാട്ടി കേരളം കേന്ദ്രത്തിനു കത്തയച്ചിരുന്നു. എന്നാല്‍, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് കേരളം അംഗീകാരം നല്‍കുന്നത്. ഉന്നതാധികാര സമിതി ചെയര്‍മാനും പശ്ചിമബംഗാള്‍ ധനമന്ത്രിയുമായ അമിത് മിത്ര അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ധനമന്ത്രിമാരും വിവിധ വ്യാപാര, വാണിജ്യ പ്രതിനിധികളും പങ്കെടുത്തു. കേരളത്തില്‍ നിന്ന് വ്യാപാരി പ്രതിനിധികളായി കെ.വി.വി.ഇ.എസ് നേതാക്കളായ മാരിയില്‍ കൃഷ്ണന്‍ നായര്‍, പി.എ.എം ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ പ്രാപ്യമാക്കാന്‍ സഹായിക്കുന്ന വിധം നികുതിഘടനാ മാറ്റത്തില്‍ വ്യവസ്ഥകള്‍ ഉണ്ടാകണമെന്ന് ഉന്നതാധികാര സമിതി യോഗത്തില്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."