മലപ്പുറത്ത് നിപാ നിരീക്ഷണത്തിൽ ഉള്ള കൂടുതൽ പേരുടെ ഫലം ഇന്ന്; മൊബൈൽ ലാബ് ഇന്ന് മുതൽ
മലപ്പുറം: നിപാ വൈറസ് നിരീക്ഷണത്തിൽ ഉള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെത് ഉൾപ്പെടെ 11 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് ജില്ലയും ആരോഗ്യവകുപ്പും. ഇന്നത്തെ ഫലങ്ങൾ കൂടി നെഗറ്റിവ് ആയാൽ നിപാ ഭയത്തിന് അയവുവരും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പൂനെയിൽനിന്ന് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. ഇതിനായി വിദഗ്ദർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.
നിപാ സമ്പർക്കപ്പട്ടികയിലെ 11 പേരുടെ സ്രവ പരിശോധനാ ഫലം ആണ് ഇന്നലെ നെഗറ്റീവ് ആയത്. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും തിരുവനന്തപുരത്തെ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതിൽ ഉൾപ്പെടുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
406 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളത്. 194 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇവരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. 15 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങൾ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാർജ് ചെയ്യും. ഇവർ പ്രോട്ടോകോൾ പ്രകാരമുള്ള ഐസൊലേഷനിൽ തുടരണം.
രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 6642 വീടുകൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം കണ്ടെത്തിയ നിപാ വൈറസിന്റെ വകഭേദം തന്നെയാണ് മലപ്പുറത്തുനിന്നും കണ്ടെത്തിയ വൈറസും എന്ന് കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."