ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: പിടിയിലായവരെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു
കാസര്‍കോട്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകേസില്‍ പൂനെയില്‍ അറസ്റ്റിലായ മൂന്നുപേരെ തെളിവെടുപ്പിനായി കാസര്‍ക്കോട്ടേക്ക് കൊണ്ടുവന്നു. തളങ്കര കടവത്തെ നൂര്‍ മുഹമ്മദ് എന്ന നുഅ്മാന്‍ (38), തളങ്കര കടവത്തെ അജ്മല്‍ ഇബ്‌റാഹിം (22), മംഗളൂരു ബി.സി റോഡ് സ്വദേശി ഇര്‍ഫാന്‍ ഇബ്‌റാഹിം (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടെത്തിച്ചത്. ഒരു മാസം മുന്‍പാണ് നേപ്പാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂവരേയും ഗോവ - മഹാരാഷ്ട്ര അതിര്‍ത്തിയില്‍ വച്ച് പൊലിസ് അറസ്റ്റ് ചെയ്തത്.
സമാന തട്ടിപ്പുകേസില്‍ എറണാകുളത്ത് പിടിയിലായ വിട്‌ള സ്വദേശിയും വിദ്യാനഗര്‍ കോപ്പയിലെ ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ വി. ബഷീര്‍(28), എന്‍. ഹംസ(32), തളങ്കര കൊപ്പലിലെ അബ്ദുല്‍ സമദാനി (28) എന്നിവരെ കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
നേരത്തെ, ദുബൈയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന നുഅ്മാന്‍ അവിടെ മലയാളികളടക്കമുള്ള ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതായി പരാതിയുണ്ടായിരുന്നു. ഇയാള്‍ നാട്ടിലെത്തിയ ശേഷം സംഘം ചേര്‍ന്ന് തട്ടിപ്പ് തുടരുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന. ചൗക്കി സി.പി.സി.ആര്‍.ഐക്ക് സമീപമുള്ള പെട്രോള്‍പമ്പില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് കാട്ടി പതിനായിരം രൂപയുടെ പെട്രോള്‍ അടിച്ചതിനാണ് ഇവര്‍ക്കെതിരേ നിലവില്‍ കാസര്‍കോട്ട് കേസുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."