കെടുത്തരുത് ഈ താരത്തിന്റെ കായികാവേശം
ചെറുവത്തൂര്‍: കഴിവുണ്ടായിട്ടും പണമില്ലാത്തതിനാല്‍ ലോകോത്തര മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ എം. പവിത്രന്‍. മലേഷ്യയില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ തടിയന്‍ കൊവ്വല്‍ സ്വദേശിയായ ഇദ്ദേഹം മൈതാനങ്ങളിലെ കടമ്പകള്‍ കടന്നിട്ടും സാമ്പത്തിക കടമ്പ കടക്കാനാകാതെ വിഷമിക്കുന്നത്.
35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായാണ് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്നത്. ജില്ല, സംസ്ഥാനം, ദേശീയം, അന്തര്‍ദേശീയം എന്നീ തലങ്ങളിലാണ് ഇവര്‍ക്കായി മത്സരം സംഘടിപ്പിക്കാറുള്ളത്. കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തെ പ്രതിനിധീകരിച്ച പവിത്രനെന്ന നിര്‍മാണ തൊഴിലാളി ട്രാക്കിലും ഫീല്‍ഡിലും നേടിയെടുത്തത് തിളക്കമാര്‍ന്ന നേട്ടങ്ങളാണ്.
പോള്‍വാള്‍ട്ട്, ലോങ്ജംപ്, ഹൈജംപ്, ഹര്‍ഡില്‍സ്, റിലേ എന്നിവയാണ് പവിത്രന്റെ ഇനങ്ങള്‍. കഴിഞ്ഞ രണ്ടു തവണയും ഇദ്ദേഹം ഇന്റര്‍ നാഷനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാല്‍ ജപ്പാന്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാമ്പത്തികശേഷിയുണ്ടായിരുന്നില്ല.
ഇത്തവണ ലക്‌നൗവില്‍ നടന്ന ദേശീയ മത്സരത്തില്‍ അഞ്ചിനങ്ങളിലും ലോകമത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ഒക്‌ടോബറില്‍ മലേഷ്യയിലാണ് മത്സരം നടക്കുന്നത്. രണ്ടു തവണ നടക്കാതെ പോയ സ്വപ്നം ഇത്തവണയെങ്കിലും സാക്ഷാത്കരിക്കണമെന്ന അതിയായ ആഗ്രഹത്തിലാണ് പവിത്രന്‍. എന്നാല്‍ യാത്രയ്ക്കു വേണ്ട അമ്പതിനായിരം രൂപ എങ്ങിനെ കണ്ടെത്തുമെന്ന ചോദ്യത്തിനു മുന്നില്‍ ഇത്തവണയും തലകുനിക്കുകയാണ് ഇയാള്‍. അധ്വാനിച്ചു കിട്ടുന്ന തുച്ഛമായ വരുമാനവും പ്രദേശത്തെ ക്ലബുകളുടെ ചെറിയ സാമ്പത്തിക സഹായവും ഉപയോഗിച്ചാണ് ഇപ്പോള്‍ മത്സരവേദികളില്‍ എത്തുന്നത്. സ്‌കൂള്‍തലം മുതല്‍ പവിത്രന്‍ കായികമേളകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള നീന്തല്‍പരിശീലകനും കബഡിയുടെ സ്‌റ്റേറ്റ് റഫറിയും കൂടിയാണ് പവിത്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."