കാഞ്ഞങ്ങാട്ട് സിവില്‍ സര്‍വിസ് അക്കാദമിയുടെ പരിശീലന കേന്ദ്രം ആരംഭിക്കും
കാഞ്ഞങ്ങാട്: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന സിവില്‍ സര്‍വിസ് അക്കാദമിയുടെ പരിശീലന കേന്ദ്രം കാഞ്ഞങ്ങാട് ആരംഭിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായ യോഗത്തിലാണ് ഈ തീരുമാനം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജില്ല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനു വേണ്ടിയാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ഈ വര്‍ഷം തന്നെ കോച്ചിങ് സെന്റര്‍ ആരംഭിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. കെട്ടിടം, സ്ഥലം, ഭൗതിക സാഹചര്യം എന്നിവ ലഭ്യമാകണം. ഇതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത ജോലികളില്‍ ജില്ലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ അഭാവം പരിഹരിക്കുന്നതിന് പരിശീലന കേന്ദ്രം ഉപകരിക്കും. കോച്ചിങ് സെന്റര്‍ ആരംഭിക്കുനതിനായി മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി. കരുണാകരന്‍ എം.പി എന്നിവര്‍ രക്ഷാധികാരികളും കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ കണ്‍വീനറും ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിമുക്ത ഭടന്മാര്‍ തുടങ്ങിയവരുള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.
യോഗത്തില്‍ എം. രാജഗോപാലന്‍ എം.എല്‍ എ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, സബ്കലക്ടര്‍ മൃണ്‍മയി ജോഷി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എച്ച്. ദിനേശന്‍, ജില്ലാ പഞ്ചായത്ത് സെകട്ടറി ഇ.പി രാജ്‌മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."