അര്‍ജ്ജുനെ തെരയാന്‍ ബൂം എസ്‌കവേറ്റര്‍ എത്തി
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ പ്രതീക്ഷയേറ്റി കൂറ്റന്‍ മണ്ണുമാന്തി യന്ത്രമായ ബൂം എസ്‌കവേറ്റര്‍. നദിക്കരയില്‍ നിന്ന് തന്നെ പുഴയില്‍ തെരച്ചില്‍ നടത്താന്‍ യന്ത്രത്തിന് കഴിയും. 60 അടി താഴ്ചയില്‍ വരെ മണ്ണ് കോരിയെടുക്കാന്‍ ഇതിന് കഴിയുമെന്നാണ് പറയുന്നത്. നിര്‍ണായകമായ തെരച്ചിലിന്റെ ഘട്ടമാണ് ഇനി നടക്കാന്‍ പോകുന്നത്. നേരത്തെ യന്ത്രത്തകരാറ് മൂലം യന്ത്രം വഴിയില്‍ കുടുങ്ങിയിരുന്നു.
അര്‍ജ്ജുനായുള്ള തെരച്ചിലിന്റെ ഒമ്പാതാം ദിവസമാണ് ഇന്ന്. അതിനിടെ ഗംഗാവാലി പുഴയില്‍ 'ഐബോഡ്' സാങ്കേതിക സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ നാളെയേ സാധ്യമാവൂ എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് തിരച്ചില്‍ നടത്തുമെന്നാണ് നേരത്തെ സൈന്യം പറഞ്ഞിരുന്നത്. ഐബോഡ്( ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍) ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്താന്‍ വൈകുന്നതാണ് കാരണം. വിമാനത്തില്‍ കൊണ്ടുവരാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ബാറ്ററി രാജധാനി എക്‌സ്പ്രസിലാണ് കൊണ്ടുവരുന്നത്. വ്യാഴാഴ്ച ഉച്ചയോടെയേ ഷിരൂരില്‍ എത്തൂവെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.
ഡ്രോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഈ അത്യാധുനികമായ ഈ സ്‌കാനര്‍ സംവിധാനം ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്‌നലുകള്‍ കണ്ടെത്തുന്ന ഉപകരണമാണ്. കഴിഞ്ഞവര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്‌കാനര്‍ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു.
മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകുന്നുണ്ട്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടക ഹൈകോടതിയില്‍ വ്യക്തമാക്കി. അര്‍ജുനെ കാണാതായെന്നു പരാതി കിട്ടിയ ഉടന്‍ തിരച്ചില്‍ തുടങ്ങി. 19ന് രാത്രി പരാതി കിട്ടി, 20ന് കരയില്‍ അര്‍ജുനായി തിരച്ചില്‍ തുടങ്ങിയെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."