ഐബോഡ് ഡ്രോണിന്റെ ബാറ്ററി ഒരു മണിക്കൂറിനകം സ്ഥലത്തെത്തും; മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങുന്നു, പ്രതികൂലമായി ഇടവിട്ട മഴ, നദിയിലെ കുത്തൊഴുക്ക്
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു. ഐബോഡ് ഡ്രോണിന്റെ ബാറ്ററി ഡല്‍ഹിയില്‍ നിന്ന് രാജഥാനി എക്‌സപ്രസില്‍ കാര്‍വാറില്‍ എത്തിയിട്ടുണ്ട്. ഉടന്‍ ഷിരൂരിലെത്തിക്കും. ഇതുപയോഗിച്ചുള്ള പരിശോധന 12 മണിയോടെ തുടങ്ങുമെന്നാണ് വിവരം.
അതിനിടെ പുഴയിലിറങ്ങിയുള്ള പരിശോധനയും ഉടന്‍ ആരംഭിക്കും. 18 അംഗ മുങ്ങല്‍ വിദ്ഗധരാണ് പുഴയിലിറങ്ങുന്നത്. രണ്ടു ഘട്ടമായാണ് പരിശോധന. ആദ്യം ലോറി മണ്ണില്‍ ഉറപ്പിച്ച് കരയുമായി ബന്ധിക്കും. ലോറിയില്‍ അര്‍ജ്ജുന്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തും. അര്‍ജ്ജുനെ പുറത്തെത്തിച്ച ശേഷമേ ലോറി പുറത്തെടുക്കുകയുള്ളൂ.
അതിന് മുമ്പ് ട്രയല്‍ ഡൈവ് നടത്തും. നദിയിലെ കുത്തൊഴുക്കാണ് നിലവില്‍ നേരിടുന്ന വെല്ലുവിളി. ലോറിയുള്ള സ്ഥലത്തെ ഒഴുക്ക് നിയന്ത്രിക്കാനുള്ള നടപടികളും മുന്നേറുകയാണ്. ഇടക്കിടെ പെയ്യുന്ന ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കുമാണ് പ്രധാന വെല്ലുവിളി.
രക്ഷാപ്രവര്‍ത്തനത്തിന് പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളിയാകുമെന്ന് ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള ചൂണ്ടിക്കാട്ടുന്നു. ഒഴുക്ക് കുറഞ്ഞാല്‍ ഉടന്‍ നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ അടിത്തട്ടിലേക്ക് ഡൈവ് ചെയ്യുമെന്ന് അതുല്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ ഡൈവ് ചെയ്ത് ലോറിയുടെ സ്ഥാനം ഉറപ്പിക്കും. തിരച്ചിലിനുള്ള ഒരുക്കങ്ങള്‍ മേഖലയില്‍ പുരോഗമിക്കുകയാണെന്ന് അതുല്‍ പിള്ള വ്യക്തമാക്കി.
അപകട സ്ഥലത്ത് നിന്ന് 20 മീറ്റര്‍ മാറി കണ്ടെത്തിയ ലോറിയില്‍ നിന്ന് അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോണ്‍ ദൗത്യത്തിനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മണ്‍കൂനക്കും ഇടയിലായാണ് ലോറിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."