പ്രവാസികൾക്ക് സന്തോഷ വാർത്ത; കുറഞ്ഞ നിരക്കിൽ യാത്രയൊരുക്കി സലാം എയർ
മസ്‌കത്ത്: കുറഞ്ഞ നിരക്കിൽ രാജ്യാന്തര യാത്രക്കായി അവസരമൊരുക്കി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരള സെക്ടറിലേക്ക് ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചാണ് പ്രവാസികൾക്ക് സലാം എയർ ആശ്വാസമൊരുക്കുന്നത്. ക്രിസ്തുമസ് - പുതുവത്സര സീസണിലാകും കുറഞ്ഞ നിരക്കിൽ സലാം എയർ യാത്രയൊരുക്കുക.
19 ഒമാനി റിയാൽ (4100 രൂപ) മുതലുള്ള ടിക്കറ്റുകളാണ് സലാം എയർ പ്രഖ്യാപിച്ചിട്ടുള്ളത്. ആഭ്യന്തര - രാജ്യാന്തര സെക്ടറുകളിലേക്ക് ഈ നിരക്ക് മുതലുള്ള ചാര്ജില് യാത്ര ചെയ്യാം. മസ്‌കത്ത്, സലാല സെക്ടറുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്കാണ് ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുക. വർഷാവസാനം നാട്ടിലെത്താൻ ഉയർന്ന വിമാന നിരക്ക് നൽകേണ്ടിവരുന്ന പ്രവാസികൾക്ക് ഇയർ എൻഡിൽ ആശ്വാസമാകുന്ന നിരക്കിൽ യാത്ര ചെയ്യാം.
കേരള സെക്ടറിലേക്കും കമ്പനി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ കരിപ്പൂർ വിമാനത്താവളത്തിലേക്കാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാവുക. 25 ഒമാനി റിയാലാണ് (5400 രൂപ) നിരക്ക്. ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡൽഹി, ജയ്പൂർ ലക്നൗ എന്നിവിടങ്ങളിലേക്കും ഇതേ നിരക്കിൽ യാത്ര ചെയ്യാം.
മസ്‌കത്തിൽ നിന്ന് 19 റിയാലിന് പോകാവുന്ന നഗരങ്ങളിൽ പ്രധാനപ്പെട്ടത് സലാല, ഫുജൈറ, ദുബൈ, ദുകം, ലാഹോർ, കറാച്ചി, മുൾട്ടാൻ, പെഷവാർ, സിയാൽകോട്ട്, ഇസ്ലാമാബാദ്, ശിറാസ് എന്നിവയാണ്.
സെപ്തംബർ 15നും ഡിസംബർ 15നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ നിരക്ക് ലഭിക്കുക. ഇതിനായുള്ള ടിക്കറ്റുകൾ ഈ മാസം 31ന് മുൻപായി ബുക്ക് ചെയ്യണം. ഓഫർ നിരക്കിൽ പോകുന്നവർക്ക് ഏഴ് കിലോ ഹാൻഡ് ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതൽ ബാഗേജ് അധികം തുക നൽകി കൊണ്ടുപോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."