സ്മാര്‍ട്ടാകൂ, പ്രകൃതിയെ സംരക്ഷിച്ച് പ്രതിഫലം നേടൂ; റീസൈക്ലിങ് രംഗത്ത് വിപ്ലവമായി ആര്‍.വി.എമ്മുകള്‍
അബൂദബി: അബൂദബിയില്‍ റീസൈക്ലിങ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ റിവേഴ്‌സ് വെന്‍ഡിങ് മെഷിനുകള്‍ (ആര്‍.വി.എം) അവതരിപ്പിച്ചു. ഉമ്മുല്‍ ഇമാറാത് പാര്‍ക്, സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് തുടങ്ങിയ അബൂദബിയിലെ പ്രധാന സ്ഥലങ്ങളില്‍ തദ്‌വീര്‍ ഗ്രൂപ്പ് 25 റിവേഴ്‌സ് വെന്‍ഡിങ് മെഷിനുകള്‍ (ആര്‍.വി.എം) സ്ഥാപിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും സ്വകാര്യ കമ്പനികളുമായും സഹകരിച്ചാണ് ആര്‍.വി.എമ്മുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇവയില്‍ പ്ലാസ്റ്റിക് കുപ്പികളും അലൂമിനിയം ക്യാനുകളും നിക്ഷേപിക്കാാം.
തിരികെ പ്രതിഫലമായി റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഇതിനായി തദ്‌വീര്‍ റിവാര്‍ഡ്‌സ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വിവിധ സ്റ്റോറുകളില്‍ നിന്നും റിവാര്‍ഡ് പോയിന്റുകള്‍ റിഡീം ചെയ്യാം. സാധാരണ വെന്‍ഡിങ് മെഷിന്‍ പോലെ തന്നെയാണ് റിവേഴ്‌സ് വെന്‍ഡിംഗ് മെഷിനും. എന്തെങ്കിലും വാങ്ങുന്നതിന് പകരം ഒഴിഞ്ഞ കുപ്പികളും ക്യാനുകളും അതിലേക്ക് നിക്ഷേപിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ.
'ആര്‍.വി.എമ്മിലെ സംവിധാനം കണ്ടെയ്‌നറിന്റെ തരം തിരിച്ചറിഞ്ഞ് സ്ഥലമെടുത്ത് അതിലേയ്ക്ക് സ്വീകരിച്ച വസ്തു അടുക്കി വയ്ക്കുന്നു. ശേഷം, റീസൈക്ലിങ്ങിലേക്ക് പോകുന്നു. നിക്ഷേപിച്ചയാള്‍ക്ക് പ്രതിഫലമായി റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. പരിസ്ഥിതിയെ സഹായിക്കാനുള്ള വേഗമേറിയതും എളുപ്പവുമായ മാര്‍ഗമാണിത്' അധികൃതര്‍ പറഞ്ഞു.
പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അബൂദബിയെ ക്ലീന്‍ ആക്കാനാണ് തദ്‌വീര്‍ ഗ്രൂപ്പ് ആഗ്രഹിക്കുന്നതെന്ന് മാനേജിങ് ഡയരക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ അലി അല്‍ ദാഹിരി പറഞ്ഞു. തദ്‌വീര്‍ ആര്‍.വി.എമ്മുകളും തദ്‌വീര്‍ റിവാര്‍ഡുകളും എമിറേറ്റില്‍ പുനരുപയോഗ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള അതുല്യമായ അവസരം വാഗ്ദാനം ചെയ്യുന്നതാണ്.
മാലിന്യത്തിന്റെ മൂല്യം വെളിപ്പെടുത്താനും സര്‍കുലര്‍ എകണോമിയെ പ്രോത്സാഹിപ്പിക്കാനും തങ്ങള്‍ വൈദഗ്ധ്യവും സമാന ചിന്താഗതിയുമുള്ള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം തുടര്‍ന്നും പ്രയോജനപ്പെടുത്തുമെന്നും, അങ്ങനെ യു.എ.ഇയുടെ സുസ്ഥിരതാ അജന്‍ഡയിലേക്ക് സംഭാവന ചെയ്യാനാകുന്നത് ചെയ്യുന്നുവെന്നും അഭിപ്രായപ്പെട്ട അല്‍ ദാഹിരി, 2030ഓടെ മാലിന്യത്തിന്റെ 80 ശതമാനവും ഭൂമിയില്‍ സംസ്‌കരിക്കാനുള്ള തങ്ങളുടെ ലക്ഷ്യം പുരോഗമിക്കുന്നുവെന്നും വെളിപ്പെടുത്തി.
മാലിന്യ മാനേജ്‌മെന്റ് പോലുള്ള വിഷയങ്ങളില്‍ നൂതനമായ സൊല്യൂഷനുകള്‍ പരിപോഷിപ്പിക്കാന്‍ തദ്‌വീറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഡ്‌നെക് ഗ്രൂപ്പ് മാനേജിങ് ഡയരക്ടറും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ ഹുമൈദ് അല്‍ ദാഹിരി പറഞ്ഞു.
അഡ്‌നെക് ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനങ്ങളുടെയും പ്രോഗ്രാമുകളുടെയും സുസ്ഥിരത കൂട്ടുന്നതിന് സ്ഥിരമായി പരിശ്രമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, അബൂദബി എമിറേറ്റിന്റെ അഭിലാഷ പദ്ധതികളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
ഏപ്രിലില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് കീഴില്‍ അഡ്‌നെക് സെന്റര്‍ അബൂദബി ഉള്‍പ്പെടെ എമിറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ സുസ്ഥിര രീതികള്‍ നടപ്പാക്കാന്‍ തദ്‌വീര്‍ ഗ്രൂപ്പും അഡ്‌നെക് ഗ്രൂപ്പും പ്രതിജ്ഞാബദ്ധമാണ്. ഈ സഹകരണം മറ്റ് നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പം വേസ്റ്റ് മാസ്റ്ററുകളും വായു രഹിത ഡൈജസ്റ്ററുകളും പോലുള്ള നൂതന സൊല്യൂഷനുകളിലൂടെ മാലിന്യത്തിന്റെ മൂല്യം പ്രയോജനപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സര്‍കുലര്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ദേശീയ നെറ്റ് സീറോ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സംഭാവനയാവാനും ആര്‍.വി.എമ്മുകള്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ച് തദ്‌വീര്‍ ഗ്രൂപ്പ് ഗവേഷണത്തിലും വികസനത്തിലും തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നു. തലസ്ഥാനത്തെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ആഗോള സുസ്ഥിര നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ അബൂദബിയുടെ വിശാല വീക്ഷണത്തിനായുള്ള സിന്യാര്‍ ഹോള്‍ഡിങ്‌സിന്റെ പ്രതിബദ്ധതയാണ് തദ്‌വീര്‍ ഗ്രൂപ്പുമായുള്ള സഹകരണം ആവര്‍ത്തിക്കുന്നതെന്ന് സിന്യാര്‍ ഹോള്‍ഡിങ് കോര്‍പറേറ്റ് കമ്യൂണികേഷന്‍ ഡയരക്ടറും ഉമ്മുല്‍ ഇമാറാത്ത് പാര്‍ക് വക്താവുമായ റഷാ കബ്‌ലാവി പറഞ്ഞു.
ഈ പങ്കാളിത്തത്തിലൂടെ നല്ല മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ സുസ്ഥിര ഭാവിയിലേക്ക് പ്രവര്‍ത്തിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കബ്‌ലാവി വ്യക്തമാക്കി. റീസൈക്ലിങ് ഓപ്ഷനുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിലൂടെ സന്ദര്‍ശകരുടെ അനുഭവങ്ങള്‍ സമ്പുഷ്ടമാക്കുക മാത്രമല്ല, അവരുടെ ദൈനംദിന ജീവിതത്തില്‍ അത്തരം ശരിയായ സമ്പ്രദായങ്ങള്‍ സ്വീകരിക്കാനുള്ള മൂല്യങ്ങള്‍ വളര്‍ത്തുകയും ചെയ്യുമെന്നും റഷാ കബ്‌ലാവി കൂട്ടിച്ചേര്‍ത്തു.
ഏപ്രിലില്‍ നടന്ന 10ാമത് ഇക്കോ വേസ്റ്റ് എക്‌സിബിഷനിലും കോണ്‍ഫറന്‍സിലും ഈ ആര്‍.വി.എം പൊതുജനങ്ങള്‍ക്ക് തദ്‌വീര്‍ പരിചയപ്പെടുത്തിയിരുന്നു. പരിപാടിയില്‍ തദ്‌വീര്‍ ഗ്രൂപ്പ് പ്ലാസ്റ്റിക് കുപ്പികളും അലൂമിനിയം ക്യാനുകളും റീസൈക്കിള്‍ ചെയ്യുന്നതുള്‍പ്പെടെ യന്ത്രത്തിന്റെ ശേഷികളും സവിശേഷതകളും പ്രദര്‍ശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."