'യുദ്ധക്കുറ്റവാളി' 'വംശഹത്യാ അപരാധി' നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ പ്ലക്കാര്‍ഡേന്തി യു.എസ് കോണ്‍ഗ്രസിലെ ഏക ഫലസ്തീന്‍ വംശജ റാഷിദ തുലൈബിന്റെ പ്രതിഷേധം
വാഷിങ്ട്ടണ്‍: 'യുദ്ധക്കുറ്റവാളി' ‘(war criminal)'വംശഹത്യാ അപരാധി' (Guilty of genocide) കറുപ്പില്‍ വെളുത്ത നിറത്തിലെഴുതിയ ആ വാക്കുകള്‍ക്ക് ആയുധങ്ങളോളം തന്നെ മൂര്‍ച്ചയുണ്ടായിരുന്നു. യു.എസ് ഹൗസിലെ ഏക ഫലസ്തീന്‍ വംശജറാഷിദ ത്വുലൈബ് മൗനമായി നിന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്ന ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധിക്കു മുന്നില്‍ ഈ പ്ലക്കാര്‍ഡുമായി എഴുന്നേറ്റ് നിന്നപ്പോള്‍ അവര്‍ നടത്തിയ മൗന പ്രതിഷേധത്തിന് ഫലസ്തീന്‍ ജനതക്കു മേല്‍ വീഴ്ത്തുന്ന തീവര്‍ഷത്തേക്കാള്‍ കരുത്തുണ്ടായിരുന്നു. കഫിയ ധരിച്ചെത്തി ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ഭരണകേന്ദ്രത്തില്‍ നിന്നാണ് അവര്‍ ആ രാജ്യത്തിന്റെ അതിഥിക്കു മുന്നില്‍ പ്രതിഷേധത്തീയായത്. അതും അയാള്‍ പ്രസംഗിച്ചു കൊണ്ടിരിക്കേ. യു. എസ് ഹൗസിലെ മുഴുവന്‍ അംഗങ്ങളും എഴുന്നേറ്റ് നിന്ന് കയ്യടിച്ചും ഷേക്ക്ഹാന്‍ഡ് നല്‍കിയും ആ കൊലയാളി ഭരണാധികാരിയെ എതിരേറ്റിടത്താണ് ഒറ്റക്കൊരു പോരാളിയായ അവര്‍ മൗനമായൊരു തീജ്വാലയായതെന്നോര്‍ക്കണം.
നെതന്യാഹു സംയുക്തസഭയില്‍ പ്രസംഗിക്കുന്നതിനിടെയാണ് 'യുദ്ധ കുറ്റവാളി, 'വംശഹത്യാ കുറ്റവാളി' എന്നിങ്ങനെ എഴുതിയ കറുത്ത ബോര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഡമോക്രാറ്റ് ജനപ്രതിനിധി റാഷിദ യു.എസ് കോണ്‍ഗ്രസില്‍ പ്രതിഷേധം അറിയിച്ചത്.
യു.എസ് അയച്ച ബോംബുകള്‍ മൂലമാണ് നൂറുകണക്കിന് കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രിയപ്പെട്ടവരുടെയും ജീവന്‍ അപഹരിച്ച ഈ വംശഹത്യ മാസങ്ങളോളം നീണ്ടുനിന്നതെന്ന് റാഷിദ ചൂണ്ടിക്കാട്ടി. ഈ കൂട്ടക്കൊല നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇസ്‌റാഈലിലെ വര്‍ണവിവേചന സര്‍ക്കാര്‍ ഫലസ്തീനികളെ വംശഹത്യക്ക് ഇരയാക്കുന്നു. ഇസ്‌റാഈലിനെതിരേ പ്രതിഷേധിക്കാന്‍ തങ്ങളുടെ അവകാശങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നവരെയെല്ലാം പിന്തുണയ്ക്കുന്നുവെന്നും അവര്‍ ട്വീറ്റ്‌ചെയ്തു.
നെതന്യാഹുവിനെതിരായ പോസ്റ്ററുകള്‍ പിടിച്ച് റാഷിദ സഭയിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിട്ടുണ്ട്. 'അന്താരാഷ്ട്ര ക്രമസമാധാനത്തെക്കുറിച്ച് അമേരിക്ക ലോകത്തെ പ്രഭാഷണം നടത്തും, തുടര്‍ന്ന് വംശഹത്യ നടത്തിയ ഒരു യുദ്ധക്കുറ്റവാളിയെ കരഘോഷത്തോടെയും കരഘോഷത്തോടെയും അഭിവാദ്യം ചെയ്യും'. നെതന്യാഹുവിന്റെ സ്വീകരണ വീഡിയോ പങ്കുവെച്ച് എഴുത്തുകാരിയായ അസ്വ്ല്‍ റാദ് കുറിക്കുന്നു.
എന്തു കൊണ്ടാണ് ഞങ്ങളുടെ കുട്ടികള്‍ അമേരിക്കയില്‍ പട്ടിണി കിടക്കുന്നതെന്ന് ഞങ്ങള്‍ അതിശയിക്കാറുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവര്‍ക്ക് ശരിയായ ആരോഗ്യ പരിപാലനം ലഭിക്കാത്തതെന്നും. ഞങ്ങള്‍ക്ക് വൃത്തിയുള്ള ഭക്ഷണവും വെള്ളവും ലഭിക്കാത്തതെന്നും. എന്നാല്‍ അതില്‍ അതിശയിക്കാനില്ലെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. നോക്കൂ ഞങ്ങളുടെ കോണ്‍ഗ്രസിലേക്ക്. ഗസ്സയെ പട്ടിണിയിലാഴ്ത്തി ആശുപത്രികള്‍ ബോംബിട്ട് തകര്‍ത്ത ആയിരക്കണക്കിന് പതിനായിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഒരാളെ അവര്‍ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് നോക്കൂ-വീഡിയോ പങ്കുവെച്ച് കറുത്ത വര്‍ഗക്കാരിയായ മുന്‍ സെനറ്ററും പ്രൊഫസറുമായ നിന ടര്‍നര്‍ കുറിക്കുന്നു.
യു.എസിലെ ഏക ഫലസ്തീന്‍ അമേരിക്കന്‍ വനിത പ്രതിനിധിയും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രണ്ട് മുസ്‌ലിം സ്ത്രീകളില്‍ ഒരാളുമാണ് റാഷിദ. ഫലസ്തീനില്‍ കൂട്ടക്കൊല തുടരുന്നതിനിടെ യു.എസ് സന്ദര്‍ശനത്തിനെത്തിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കനത്ത പ്രതിഷേധവും രോഷവുമാണ് നേരിട്ടത്. യു.എസ് പാര്‍ലമെന്റായ കോണ്‍ഗ്രസില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ പുറത്ത് ആയിരങ്ങള്‍ തടിച്ചുകൂടുകയും ജോ ബൈഡന്‍ ഭരണകൂടത്തിനും ഇസ്‌റാഈലിനുമെതിരേ മുദ്രാവാക്യങ്ങള്‍ വിളിക്കുകയുംചെയ്യുകയായിരുന്നു. ഫലസ്തീനികള്‍ ധരിക്കാറുള്ള പരമ്പരാഗത കഫിയ ഉള്‍പ്പെടെ ധരിച്ചും വംശഹത്യാവിരുദ്ധ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയുമാണ് പ്രക്ഷോഭകര്‍ ഒത്തുകൂടിയത്. ഫലസ്തീന്‍ പതാകയും പ്രക്ഷോഭകരില്‍ കാണാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."