ദുബൈ കസ്റ്റംസിന്റെ എ.ഐ പ്ലാറ്റ്‌ഫോമിന് തുടക്കം; ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ
ദുബൈ: തടസമില്ലാത്ത കസ്റ്റംസ് അനുഭവത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഊര്‍ജ സംവിധാനങ്ങളും പ്രോഗ്രാമുകളും സൃഷ്ടിക്കാന്‍ ഡെവലപര്‍മാരെ പ്രാപ്തരാക്കുന്ന ദുബൈ കസ്റ്റംസിന്റെ എ.ഐ പ്ലാറ്റ്‌ഫോമിന് പോര്‍ട്‌സ്, കസ്റ്റംസ്, ഫ്രീ സോണ്‍ കോര്‍പറേഷന്‍ (പി.സി.എഫ്.സി) തുടക്കം കുറിച്ചു. ഈ പ്ലാറ്റ്‌ഫോം ചെറുകിട, ഇടത്തരം സംരംഭങ്ങ(എസ്.എം.ഇക)ള്‍ക്ക് പ്രവര്‍ത്തിക്കാനും സഹകരിക്കാനുമുള്ള ഇടം നല്‍കുന്നു. കൂടാതെ, വളര്‍ച്ചയ്ക്കും വികസനത്തിനും പിന്തുണയുമാകുന്നു.
ദുബൈ ഗവണ്‍മെന്റിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് പ്രമുഖ ആഗോള ഡിജിറ്റല്‍ നഗരമെന്ന നിലയില്‍ ദുബൈയുടെ പ്രശസ്തി ഉയര്‍ത്താന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു. വാണിജ്യ, ലോജിസ്റ്റിക്‌സ് വിതരണ ശൃംഖലയെ മെച്ചപ്പെടുത്താനും വേഗമേറിയതും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനും ആധുനിക സാങ്കേതിക വിദ്യകളെ ഇത് പ്രയോജനപ്പെടുത്തുന്നു.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണിതെന്നും സാമ്പത്തിക, ലോജിസ്റ്റിക് ആവാസ വ്യവസ്ഥയെ പിന്തുണയ്ക്കുമെന്നും സി.ഇ.ഒ നാസര്‍ അല്‍ നിയാദി പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയില്‍ നിക്ഷേപിക്കുന്നത് പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനുമുള്ള ഏറ്റവും മികച്ച മാര്‍ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയിലേക്കുള്ള വ്യക്തവും സുസ്ഥിരവുമായ പാത സ്ഥാപിക്കുന്ന എ.ഐ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളുടെ ഇന്‍ക്യുബേറ്ററായി പ്ലാറ്റ്‌ഫോം മാറും. ആഗോള കമ്പനികള്‍ക്കിടയില്‍ ആശയങ്ങളും അനുഭവങ്ങളും കൈമാറ്റം ചെയ്യാനും നവീകരണവും പുരോഗതിയും മെച്ചപ്പെടുത്താനും വാണിജ്യ, ലോജിസ്റ്റിക് വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നും അല്‍ നിയാദി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."