'കൊലയാളിയെ അറസ്റ്റ് ചെയ്യൂ' ഒരിക്കല്‍ അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് പ്രതിഷേധം, കൈകളില്‍ ചോര പുരണ്ട നെതന്യാഹുവിന്റെ കോലം കത്തിച്ചു, യു.എസ് പതാക തീയിട്ടു
വാഷിങ്ടണ്‍: ഒരിക്കല്‍ കൂടി അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് ഇസ്‌റാഈലിനെതിരായ പ്രതിഷേധം. ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്കന്‍ തെരുവുകള്‍ ആര്‍ത്തു വിളിച്ചു.
ഫലസ്തീനില്‍ കൂട്ടക്കൊല തുടരുന്നതിനിടെ യു.എസ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് നെതന്യാഹു കനത്ത പ്രതിഷേധവും രോഷവും നേരിട്ടത്.
യു.എസ് പാര്‍ലമെന്റായ കോണ്‍ഗ്രസില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ പുറത്ത് ആയിരങ്ങള്‍ തടിച്ചുകൂടുകയും ജോ ബൈഡന്‍ ഭരണകൂടത്തിനും ഇസ്‌റാഈലിനുമെതിരേ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. ഫലസ്തീനികള്‍ ധരിക്കാറുള്ള പരമ്പരാഗത കഫിയ ഉള്‍പ്പെടെ ധരിച്ചും വംശഹത്യാവിരുദ്ധ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയുമാണ് പ്രക്ഷോഭകര്‍ ഒത്തുകൂടിയത്. ഫലസ്തീന്‍ പതാകയും പ്രക്ഷോഭകരില്‍ കാണാമായിരുന്നു.
മറ്റ് യു.എസ് നഗരങ്ങളിലും നെതന്യാഹുവിനെതിരേ പ്രക്ഷോഭം ഉണ്ടായി. ചിലയിടങ്ങളില്‍ പ്രക്ഷോഭകാരികളും പൊലിസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ നെതന്യാഹുവിന്റെ കോലം കത്തിച്ചു. ഫലസ്തീന്‍ പതാകയ്‌ക്കൊപ്പം കൂറ്റന്‍ യു.എസ് പതാകയുമായെത്തിയ ചില പ്രക്ഷോഭകര്‍ യു.എസ് കോണ്‍ഗ്രസിന് മുന്നില്‍വച്ച് യു.എസ് പതാക കത്തിച്ചു. വാഷിങ്ട്ടണില്‍ നെതന്യാഹു തങ്ങിയ ഹോട്ടലിന് മുന്നിലും പ്രക്ഷോഭകര്‍ അദ്ദേഹത്തിനെതിരേ മുദ്രാവാക്യം വിളിച്ചു.
പ്രക്ഷോഭം മുന്നില്‍ക്കണ്ട് വൈറ്റ് ഹൗസും യു.എസ് കോണ്‍ഗ്രസും ഉള്‍പ്പെടെ നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഓഫിസുകള്‍ക്കും ചുറ്റും പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. കാപിറ്റോളില്‍ അക്രമാസക്തരായ പ്രക്ഷോഭകരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചാണ് തുരത്തിയത്. 23 പേരെ അറസ്റ്റ്‌ചെയ്തു.
യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധനചെയ്യവെ വെടിനിര്‍ത്തലിനെക്കുറിച്ച് മൗനംപാലിച്ചും ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകാരികളെ പരിഹസിച്ചുമാണ് നെതന്യാഹു സംസാരിച്ചത്. ഹമാസിനുമേല്‍ സമ്പൂര്‍ണവിജയം നേടും വരെ യുദ്ധം തുടരുമെന്ന് പറഞ്ഞ നെതന്യാഹു, ഇറാന്‍ ഉപയോഗിക്കുന്ന വിഡ്ഡികളാണ് പ്രക്ഷോഭരംഗത്തുള്ളതെന്നും സ്വവര്‍ഗാനുരാഗികളെ ക്രെയിനില്‍ തൂക്കിയിടുകയും തല മറക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ കൊല്ലുകയും ചെയ്യുന്ന ഇറാനിലെ സ്വേച്ഛാധിപതികള്‍ അവരെ പ്രശംസിക്കുന്നുണ്ടെന്നും ആക്ഷേപിച്ചു.
വൈസ് പ്രസിഡന്റ് കമലാഹാരിസ് ഉള്‍പ്പെടെ അമ്പതോളം ഡമോക്രാറ്റ് അംഗങ്ങള്‍ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചു. യുദ്ധകുറ്റവാളിയെ ആദരിച്ച നടപടി ലജ്ജാകരമാണെന്ന് ഡമോക്രാറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
വാഷിങ്ടണ്‍ ഡി.സിയില്‍ നെതന്യാഹു താമസിക്കേണ്ടിയിരുന്ന പ്രശസ്തമായ വാട്ടര്‍ഗേറ്റ് ഹോട്ടലില്‍ ഫലസ്തീന് അനുകൂലികള്‍ പുഴുക്കളും പ്രാണികളും ചീവീടുകളും നിക്ഷേപിച്ചു. യു.എസ് ആസ്ഥാനമായ ഫലസ്തീന്‍ യൂത്ത് മൂവ്‌മെന്റ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഹോട്ടലിലെ ഭക്ഷണ ടേബിളില്‍ നൂറുകണക്കിനു പുഴുക്കള്‍ ഇഴയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നെതന്യാഹുവിനും ഒപ്പമെത്തിയ നയതന്ത്രജ്ഞര്‍ക്കും ചാരസംഘടന മൊസാദ് അംഗങ്ങള്‍ക്കും ഇവിടെയായിരുന്നു താമസം നിശ്ചയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."