രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി
ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്ന് ഡോ. എം പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്ന് പലതവണ ആവര്‍ത്തിച്ചു പറയുന്ന ബജറ്റ് കേന്ദ്രസര്‍ക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു. എല്ലാം അര്‍ഹിക്കുന്ന കേരളത്തിന് ചിലതൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും നല്‍കിയില്ല. ഇന്ത്യന്‍ സംവിധാനത്തില്‍ കേന്ദ്രത്തിന്റെ നീതിപൂര്‍വ്വമായ ഭരണനിര്‍വഹണവും ഫെഡറലിസവും പരസ്പരബന്ധിതമാണ്.
ഫെഡറലിസത്തിന്റെയും ദേശീയ വൈവിദ്ധ്യത്തിന്റെയും അടിസ്ഥാനതത്വങ്ങളെ സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ ബലികഴിച്ചുവെന്ന് ബജറ്റ് ചര്‍ച്ചയില്‍ സമദാനി പറഞ്ഞു. സാധാരണക്കാരനെ ബാധിക്കുന്ന രൂക്ഷമായ വിലക്കയറ്റത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ ബജറ്റിന് കഴിഞ്ഞില്ല, ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ബജറ്റില്‍ തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മാറിവന്ന രാഷ്ട്രീയ സ്ഥിതിവിശേഷമാണ് പ്രതിഫലിക്കുന്നത്. പരിക്കേറ്റ ജനവിധിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് നല്‍കിയത്. അവരുടെ ഏകകക്ഷി ഭൂരിപക്ഷ വിചാരത്തിന്റെ ലക്ഷണങ്ങള്‍ക്കെതിരായ താക്കീതായിരുന്നു ജനങ്ങള്‍ നല്‍കിയത്.
വടക്കുള്ളൊരു സംസ്ഥാനത്തിന്റെയും തെക്കുള്ള മറ്റൊരു സംസ്ഥാനത്തിന്റെയും അപ്പുറത്തേക്ക് നോക്കാന്‍ കഴിയാത്ത വിധമുള്ള ശേഷിക്കുറവ് ഭരണത്തിന്റെ പിടിപ്പുകേടിന്റെ തെളിവാണ്. കേന്ദ്രസര്‍ക്കാര്‍ എല്ലാവരുടേതുമാണ് എല്ലാവര്‍ക്കും തണല്‍ നല്‍കുമ്പോഴാണ് വൃക്ഷം വൃക്ഷമായി മായിത്തീരുന്നത്. കഠിനമായ ഉഷ്ണത്തിലും തണല്‍ നല്‍കാത്ത വൃക്ഷത്തെ എങ്ങനെ വൃക്ഷമെന്ന് വിളിക്കും? ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. സാമ്പത്തികപ്രശ്‌നങ്ങളുടെ അത്യുഷണത്തില്‍ പോലും കേരളത്തിന് ഒരിത്തിരി തണല്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകാത്തത് വലിയ വിവേചനമായിപ്പോയി. വികസനവും പാരമ്പര്യവും (വികാസ് ഭീ വിറാസത്ത് ഭീ) ആണ് ഗവണ്‍മെന്റ് നയം എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ രാജ്യത്തിന്റെ പാരമ്പര്യം ഏകശിലാഖണ്ഡമല്ലെന്ന് ഓര്‍ക്കണം. അത് വൈവിധ്യസമ്പൂര്‍ണ്ണവും പരസ്പരസ്‌നേഹവും മൈത്രിയും കൊണ്ട് ധന്യവുമാണ്. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളോട് സാമ്പത്തികവിവേചനത്തിന്റെ നയമാണ് ഭരണകക്ഷി പുലര്‍ത്തുന്നത്.
ഈ വിവേചനം ചിലപ്പോള്‍ ബഹിഷ്‌കരണത്തോളമെത്തുന്നു. അതാണ് കണ്‍വര്‍ യാത്രയ്ക്ക് വേണ്ടി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ കണ്ടത്. ജനങ്ങളെ വേര്‍തിരിച്ചുനിര്‍ത്തുന്ന ആ നടപടി തടയാന്‍ സുപ്രീംകോടതി ഇടപെടേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് ആഷിഖ് അലി എന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴുക്കില്‍ പെട്ടുപോയ മോനൂസിംഗ് എന്ന 21കാരനായ കന്‍വര്‍ യാത്രികനെ രക്ഷിക്കാനായി പുഴയിലേക്ക് എടുത്തുചാടിയത്. ഇങ്ങനെയുള്ള നിരവധി മാനുഷികമായ സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകാറുണ്ട്. അതാണ് ഇന്ത്യയുടെ വിറാസത്തും(പാരമ്പര്യം) വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും. അത് നിലനിര്‍ത്തിക്കൊണ്ട് വെറുപ്പിന്റെ വക്താക്കള്‍ക്കെതിരെ മൈത്രിയുടെയും സ്‌നേഹത്തിന്റെയും സന്ദേശം ജനങ്ങള്‍ പുലര്‍ത്തിക്കൊണ്ടേയിരിക്കുമെന്ന് സമദാനി പറഞ്ഞു.
കര്‍ഷകരുടെയും ഇടത്തരക്കാരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പ്രയാസങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ബജറ്റ് കാണാതെ പോയി. കാര്‍ഷിക രംഗത്ത് ഗവേഷണം നല്ലതുതന്നെ. പക്ഷെ, കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഏറ്റവും കുറഞ്ഞ താങ്ങുവിലക്ക് നിയമപരമായ വ്യവസ്ഥ ഏര്‍പ്പെടുത്തണമെന്ന കര്‍ഷകരുടെ ആവശ്യമാണ് ആദ്യം അവര്‍ക്ക് അനുവദിച്ചുകൊടുക്കേണ്ടത്. ജനസംഖ്യയില്‍ അധികവും ചെറുപ്പക്കാരും കോളേജ് വിദ്യാഭ്യാസം നേടിയവരുമുള്ള ഇന്ത്യയില്‍ ജോലി സൃഷ്ടിക്കല്‍ തന്നെയാണ് സുപ്രധാനം. ഇത്തവണത്തെ ബജറ്റില്‍ രാജ്യത്തൊരു ജോലി പ്രശ്‌നമുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയതാണ് ആകെയുള്ള ആശ്വാസം.
കോര്‍പ്പറേറ്റ് മേഖലക്ക് സബ്‌സിഡി കൊടുത്തുകൊണ്ടല്ല ആവശ്യം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് സമ്പദ്ഘടനയെ സംരക്ഷിക്കേണ്ടത്. ആവശ്യത്തിന്റെ സ്രോതസ്സുകളായ സ്വകാര്യ ഉപഭോഗവും നിക്ഷേപവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
Dr. MP Abdussamad Samadani speech on budjet in parliment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."