ഭൂരിപക്ഷത്തിന്റെ ആഘോഷ വേളകളില്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ച് സംരക്ഷിക്കേണ്ടി വരുന്ന മുസ്‌ലിം പള്ളികള്‍; കളറാണ് ഇന്ത്യന്‍ മതേതരത്വം!
ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമെന്ന് പറയപ്പെടുന്ന ഇന്ത്യാ മഹാരാജ്യത്ത് കഴിഞ്ഞ ദിവസം കണ്ട ഒരു സ്ഥിതി വിശേഷമാണ്. ടാര്‍പോളിന്‍ കൊണ്ട് മറക്കപ്പെട്ട നിലയിലുള്ള മുസ്‌ലിം പള്ളികള്‍. ഹോളി ദിനത്തില്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരുവോരങ്ങളിലായിരുന്നു ഈ കാഴ്ച. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സബ്ജി മന്ദി പ്രദേശത്തെ ഹല്‍വൈയാന്‍ പള്ളി, ഡല്‍ഹി ഗേറ്റിന് സമീപത്തെ പള്ളി തുടങ്ങിയവയാണ് ടാര്‍പോളിന്‍ കൊണ്ട് മറച്ചത്.ആഘോഷവേളകളില്‍ നടക്കു റാലിയും മറ്റും പോകുമ്പോള്‍ പള്ളിക്ക് നേരെ അതിക്രമം ഉണ്ടാവാതിരിക്കാനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുമുള്ള മുന്‍കരുതലാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
ഉത്തര്‍ പ്രദേശില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ഹൈന്ദവ ഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളിലെ മുസ്‌ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടാന്‍ അധികൃതര്‍ഉത്തരവിട്ടിരുന്നു. ഷാജഹാന്‍പൂരിലും ബറേലിയിലും ഹോളിയുടെ ഭാഗമായി ഘോഷയാത്രകള്‍ നടക്കുന്നുണ്ട്. ഈ ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് പള്ളികള്‍ക്ക് മുകളിലേക്ക് നിറങ്ങള്‍ പുരട്ടുന്നത് തടയാനാണ് ടാര്‍പോളിനും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മൂടാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിശദീകരണം.
സമീപ വര്‍ഷങ്ങളില്‍, മതപരമായ ഘോഷയാത്രകളെ തുടര്‍ന്ന് യു.പിയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാനാണ് രണ്ട് നഗരങ്ങളിലെയും അധികാരികള്‍ ഘോഷയാത്ര കടന്നുപോകുന്ന വഴിയുള്ള പള്ളികളോട് കെട്ടിടങ്ങള്‍ മറയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.ഇത്തരം അതിക്രമങ്ങള്‍ ചെയ്യുന്നവകെ നിലക്കു നിര്‍ത്തുന്നതിന് പകരം പള്ളികള്‍ മൂടിവെക്കുകയാണോ ചെയ്യേണ്ടതെന്നാണ് ചോദ്യം. ഇത് ഭരണകൂടത്തിന്റെ പരാജയമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമ നിര്‍വ്വഹണ ഏജന്‍സികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ ഇടയ്ക്കിടെ കുടുങ്ങുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ദുരവസ്ഥ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടുന്നു. സംരക്ഷണം ഉറപ്പു വരുത്തുന്നില്ലെങ്കിലും മുസ് ലിം മതകേന്ദ്രങ്ങള്‍ക്കു നേരെ നിയന്ത്രണം ചെലുത്തുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് മാധ്യമങ്ങള്‍ പരിഹസിക്കുന്നു.
ആഘോഷ വേളകളിലും അല്ലാതേയും ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. പള്ളി മിനാരങ്ങളില്‍ കാവിക്കൊടി കെട്ടുക ജയ്ശ്രീറാം ആക്രോശിച്ച് മറ്റ് അതിക്രമങ്ങള്‍ നടത്തുക തുടങ്ങിയവയൊക്കെ അതില്‍ ചില ഐറ്റങ്ങളാണ്. ഹോളി ദിനത്തില്‍ വഴിയേ പോകുന്ന മുസ് ലിം പൗരന്‍മാരുടെ മെക്കിട്ടു കേറുക എന്നതും ഇപ്പോള്‍ നടന്നു വരുന്ന പ്രത്യേക കലാപരിപാടിയാണ്. ആണ്‍പെണ്‍ ഭേദമില്ലാതെയാണ് ഇത്. ഇതിലെ കലാകാരന്‍മാര്‍ക്ക് പ്രായവും പ്രശ്‌നമില്ല. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്നു പുറത്തു വന്ന സംഭവം തന്നെ. ബൈക്കില്‍ പോകുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തി നിറത്തില്‍ കുളിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതികളായവരില്‍ മൂന്നോ നാലോ പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വീഡിയോ ഓര്‍ക്കുന്നില്ലേ. പര്‍ദ്ദ ധരിച്ച് പോവുകയായിരുന്ന യുവതിക്കു നേരെ കളര്‍വെള്ളം നിറച്ച ബലൂണുകള്‍ ശക്തമായി എറിയുന്നത്. എറിയുന്നവരില്‍ അധികവും കൊച്ചു കുട്ടികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."