സൈബര്‍ സരുക്ഷ : യു.എ.ഇ മൂന്ന് പുതിയ നയങ്ങള്‍ ആവിഷ്‌കരിക്കും
അബൂദബി: വര്‍ഷാവസാനത്തോടെ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ മൂന്ന് പുതിയ നയങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് യു.എ.ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഹമദ് അല്‍ കുവൈത്തി. രാജ്യത്തെ സൈബര്‍ സുരക്ഷാ സംവിധാനം ഭദ്രമാണ്. എന്നാല്‍, കൂടുതല്‍ ശക്തമായി നിലനില്‍ക്കേണ്ടതുണ്ട്. നൂതന സാങ്കേതിക വിദ്യയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (എ.ഐ) ആഗോള കേന്ദ്രമെന്ന നിലയില്‍ യു.എ.ഇയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഈ നയങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലൗഡ് കംപ്യൂട്ടറിങ്ങും ഡാറ്റ സുരക്ഷയും, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സെക്യൂരിറ്റി, സൈബര്‍ സെക്യൂരിറ്റി ഓപറേഷന്‍ സെന്ററുകള്‍ എന്നിവയും പുതിയ നയങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിക്ക് (വാം) നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലെ ഡിജിറ്റല്‍ പരിവര്‍ത്തനം ആരോഗ്യം, ഊര്‍ജം, വിദ്യാഭ്യാസം, വ്യോമയാനം, മറ്റ് തന്ത്രപ്രധാന മേഖലകള്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്നുവെന്ന് വിശദീകരിച്ച അദ്ദേഹം, ഇത് സൈബറിടത്തെ സാധ്യതയുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വിപുലമായ സുരക്ഷാ സംവിധാനത്തിന്റെ വര്‍ധിച്ചു വരുന്ന ആവശ്യകത സൃഷ്ടിക്കുന്നുവെന്നും വ്യക്തമാക്കി.
സുപ്രധാന മേഖലകളിലെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളിലെ ഡിജിറ്റല്‍ തകരാറുകള്‍ തിരിച്ചറിയാന്‍ പൊതുവായ സര്‍വേകള്‍ നടത്തുന്നതിന് വിവിധ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന വികസിച്ചു കൊണ്ടിരിക്കുന്ന എ.ഐ സൊല്യൂഷനുകള്‍ പ്രത്യേകിച്ചും ഇക്കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ഡാറ്റ ചോര്‍ച്ച, ഐഡന്റിറ്റി മോഷണം, ബൗദ്ധിക സ്വത്തവകാശ ലംഘനം, മൗലിക അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ ഡിജിറ്റല്‍ രേഖകളുടെയും ലംഘനങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാവുന്ന ഭീഷണികളില്‍ നിന്നും ലംഘനങ്ങളില്‍ നിന്നും ഈ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനോ, വ്യക്തികളെയോ രാജ്യങ്ങളെയോ അനധികൃത നേട്ടങ്ങള്‍ക്കായി ബ്ലാക്ക്‌മെയിലിങ് നടത്താന്‍ സാമ്പത്തിക വിവരങ്ങള്‍ നേടാനോ തന്ത്രപ്രധാന മേഖലകളെ, പ്രത്യേകിച്ചും സാമ്പത്തിക മേഖലയെ ലക്ഷ്യമിടുന്ന ക്ഷുദ്രകരമായ സൈബര്‍ ആക്രമണങ്ങള്‍ യു.എ.ഇ നേരിടുന്നുണ്ടെന്ന് ഡോ. അല്‍കുവൈത്തി എടുത്തു പറഞ്ഞു.
യു.എ.ഇയുടെ സൈബര്‍ സുരക്ഷാ സംവിധാനം ഇത്തരം ആക്രമണങ്ങളെ ചെറുക്കാനും തടയാനും ഹാക്കര്‍മാരെ തിരിച്ചറിയാനും ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവരുമായി ഇടപെടാനും സമര്‍ഥമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."