സിന്ധു ഹാട്രിക് നേട്ടത്തിലേക്കോ ?
പാരിസ് ഒളിംപിക്സ് വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ തിളങ്ങി പി.വി.സിന്ധു. മാലിദ്വീപിന്റെ ഫാത്തിമ അബ്ദുള്‍ റസാഖിനെ പരാജയപ്പെടുത്തി. 21-9, 21-6 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം. മത്സരത്തിലൊരിക്കല്‍ പോലും സിന്ധുവിന് വെല്ലുവിളിയുയര്‍ത്താന്‍ മാലിദ്വീപ് താരത്തിനായില്ല. സിന്ധുവിന്റെ അടുത്ത മത്സരം എസ്റ്റോണിയയുടെ ക്രിസ്റ്റിന് കൂബയുമായാണ്. ഈ മത്സരം ജയിച്ചാല്‍ സിന്ധുവിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാനാകും.
അതേസമയം ഇതാദ്യാമായല്ല സിന്ധു ഒളിംപിക്സില്‍ കഴിവു തെളിയിക്കുന്നത്. 2016 റിയോ ഒളിംപിക്സില്‍ വെള്ളിയും, 2020 ടോക്കിയോ ഒളിംപിക്സില്‍ വെങ്കലവും നേടിയ സിന്ധു ഇത്തവണ തുടര്‍ച്ചയായ മൂന്നാം ഒളിംപിക് മെഡല്‍ നേടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. 2024 പാരീസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത് സിന്ധുവായിരുന്നു. പാരീസ് ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രശസ്തരും, പരിചയസമ്പന്നരുമായ അത്ലറ്റുകളില് ഒരാളാണ് സിന്ധു.
കടുത്ത പരിശീലനമുറകളിലൂടെ കടന്നുപോയ ശേഷമാണ് സിന്ധു പാരീസിലേക്കു പറന്നത്. ജര്‍മനിയിലെ പരിശീലനത്തിലൂടെ ഓക്സിജന്‍ കുറച്ചുള്ള ഹൈപോക്സിക് ചേംബറിലെ ജീവിതവും സിന്ധുവിന് പരിചിതമാക്കി. കൂടാതെ കോച്ച് പ്രകാശ് പദുക്കോണിന്റെ ശിക്ഷണം കൂടിയാകുമ്പോള്‍ സിന്ധു ഇത്തവണ ഹാട്രിക് തികക്കുമെന്നുതന്നെ കരുതാം. ഇന്ത്യന്‍ ജനത മുഴുവന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന സിന്ധുവിലൂടെ ഇത്തവണയും ഒരു ഒളിംപിക് മെഡല്‍ രാജ്യത്തെത്തുമെന്ന് പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."