'ആദ്യം പരിഭ്രാന്തിയിലാക്കി, പിന്നെ കൊന്നൊടുക്കി' ഗസ്സയില്‍ അഭയാര്‍ഥി ക്യാംപിലെ പതിനായിരങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ബോംബാക്രമണവും
ഗസ്സ: ആദ്യം ഭയപ്പെടുത്തി, നിസ്സഹായരായ ജനതയെ പരിഭ്രാന്തിയിലാക്കി. അഭയം തേടി ചെല്ലാന്‍ ഇനി ഒരിടവും ബാക്കിയില്ലാത്തവരെ അവരുടെ അഭയ കേന്ദത്തില്‍ നിന്നിറക്കി വിട്ടു. ഇറങ്ങിത്തീരും മുമ്പ് അവര്‍ക്ക് മേല്‍ ബോംബ് വര്‍ഷിച്ചു. കൊന്നു മതിയാവാതെ ഇസ്‌റാഈല്‍ തുടരുന്ന താണ്ഡവം.
ബുറൈജ്, നുസൈറത്ത് അഭയാര്‍ഥി ക്യാംപിലെ ആളുകള്‍ക്ക് നേരെയായിരുന്നു ഇസ്‌റാഈല്‍ ആക്രമണം. അഭയം പ്രാപിച്ച വീടും നാടും നഷ്ടമായ 30000ത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിടുകയായിരുന്നു ഇസ്‌റാഈല്‍ സൈന്യം. ഇതിന് പിന്നാലെ മേഖലയില്‍ വ്യാപക വ്യോമാക്രമണ പരമ്പര നടത്തുകയും ചെയ്തു സൈന്യം. ഫലസ്തീന്‍ മാധ്യമങ്ങളുടേതാണ് റിപ്പോര്‍ട്ട്.
ഒഴിപ്പിക്കല്‍ ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം ഇസ്‌റാഈല്‍ ജെറ്റ് വിമാനങ്ങള്‍ രണ്ട് ക്യാമ്പുകളിലും ബോംബിട്ടു. നുസൈറത്തില്‍ നിരവധി വീടുകള്‍ കത്തിച്ചതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ താമസിച്ചിരുന്നവര്‍ കാല്‍നടയായി പലായനം ചെയ്യുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഗസ്സയിലെ 86 ശതമാനം സ്ഥലങ്ങളില്‍നിന്നും ജനങ്ങളെ ഇസ്‌റാഈല്‍ കുടിയിറക്കിയതായി യു.എന്‍.ആര്‍.ഡബ്ല്യു.എ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. 'ഗസ്സയിലെ മിക്കവാറും എല്ലാവരും കുടിയൊഴിപ്പിക്കലിന് ഇരയായിട്ടുണ്ട്. ഒമ്പത് മാസം മുമ്പ് യുദ്ധം ആരംഭിച്ചശേഷം പലരും ശരാശരി മാസത്തിലൊരിക്കലെങ്കിലും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഈ ജനത' ലസാരിനി എക്‌സില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."