'ഇനിയും കണ്ടു നില്‍ക്കാനാവില്ല, ഇടപെടും' ഇസ്‌റാഈലിന് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്
ഗസ: ഫലസ്തീനില്‍ ഇടതടവില്ലാതെ കൂട്ടക്കുരുതിയും നരവേട്ടയും തുടരുന്ന ഇസ്‌റാഈലിന് മുന്നറിയിപ്പുമായി തുര്‍ക്കി. ഫലസ്തീനില്‍ അക്രമം തുടരുന്നത് കണ്ടുനില്‍ക്കാനാകില്ലെന്നും കയറി ഇടപെടുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഇസ്‌റാഈലിന് മുന്നറിയിപ്പു നല്‍കി. ലിബിയയിലും, നഗോര്‍ണോകറാബാക്കിലും ഇടപെട്ടചരിത്രം ഇസ്‌റാഈലിലും ആവര്‍ത്തിക്കേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. . തുര്‍ക്കിയുടെ പ്രതിരോധമേഖലയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
'ഫലസ്തീനോട് ചെയ്യുന്ന അതിക്രമങ്ങള്‍ ഇസ്‌റാഈല്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നമ്മള്‍ ഇടപെട്ടത് പോലെ ഇസ്‌റാഈലിലും ഇടപെടേണ്ടിവരും. നമ്മള്‍ക്ക് അതുചെയ്യാതിരിക്കാന്‍ ഒരു കാരണവുമില്ല' അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതുതരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാവുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 2020ല്‍, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലിബിയന്‍ സര്‍ക്കാറിനെ പിന്തുണച്ച് തുര്‍ക്കിയ സൈനികരെ ലിബിയയിലേക്ക് അയച്ചിരുന്നു. നഗോര്‍ണോകറാബാക്കില്‍ അസര്‍ബൈജാന്‍ സൈനിക നീക്കം നടന്നപ്പോള്‍ തുര്‍ക്കി നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും സൈനിക പരിശീലനമടക്കം നല്‍കിയതായി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
ഗസയിലെ കൂട്ടക്കൊലകളുടെ മുഖ്യശില്പിയായ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ആതിഥേയത്വമൊരുക്കിയ യു.എസിനെതിരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 40,000 നിരപരാധികളുടെ കൊലയാളിക്കാണ് അവര്‍ പരവതാനി വിരിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു.
ഗസ്സയില്‍ ആക്രമണം തുടങ്ങിയതുമുതല്‍ ഇസ്‌റാഈിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുര്‍ക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ വരെ ഉര്‍ദുഗാന്‍ ഇടപെട്ട് റദ്ദാക്കിയിരുന്നു. ഗസ്സക്ക് ടണ്‍ കണക്കിന് സഹായ ഹസ്തവും തുര്‍ക്കിയ എത്തിച്ചിരുന്നു.
ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരെ ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് രംഗത്തുവന്നു. സദ്ദാം ഹുസൈന്റെ കാല്‍പ്പാടുകളാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പിന്തുടരുന്നതെന്നും സദ്ദാമിന് എന്താണ് സംഭവിച്ചതെന്നും എങ്ങനെ അവസാനിച്ചുവെന്നും അദ്ദേഹത്തിന് ഓര്‍മ വേണമെന്നും ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."