വയനാട് ഉരുൾപൊട്ടൽ: 80 പേരെ രക്ഷപ്പെടുത്തി, NDRF സംഘം മുണ്ടക്കൈയിൽ, ഹെലികോപ്റ്റർ എത്തുന്നു
വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിക്കിടന്ന 80 പേരെ ഇതുവരെയും രക്ഷപ്പെടുത്തി. ഡെപ്യൂട്ടി കളക്ടറാണ് ഇക്കാര്യം അറിയിച്ചത് ഇതിൽ പരുക്കേറ്റവരെ മേപ്പടിയിലെയും മറ്റും ആശുപത്രികളിലേക്ക് മാറ്റി. ഇനിയും നിരവധിപ്പേർ കുടുങ്ങികിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) ഒരു സംഘം മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്. പാലം തകർന്നതിനെ തുടർന്ന് ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് താത്കാലിക പാലം ഉണ്ടാക്കിയാണ് സംഘം എത്തിയത്. ഉച്ചയോടെ NDRF ന്റെ നാല് സംഘം കൂടി സ്ഥലത്തെത്തും. ബത്തേരിയിൽ ഹെലികോപ്റ്റർ ഉടൻ ഇറങ്ങും. കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിച്ച് വരികയാണ്.
അതേസമയം, പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ രണ്ട് സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എയർലിഫ്റ്റിങ് സാധ്യതകൾ അന്വേഷിക്കുകയാണ് രക്ഷാപ്രവർത്തകർ. പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിനാൽ അപകടം കൂടുതൽ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റർ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയർ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും.
വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.രാജനുള്‍പ്പെടെയുള്ള മുഹമ്മദ് റിയാസ്, ഒ.ആർ കേളു തുടങ്ങിയവർ സംഭവസ്ഥലത്തേക്ക് ഉടൻ പുറപ്പെടും. എ. കെ ശശീന്ദ്രൻ , കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കരമാർഗ്ഗം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 15 മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. ചാലിയാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം നിലമ്പൂർ ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് 9 മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ വ്യാപ്തി ഇതുവരെയും അറിയാൻ സാധിക്കാത്തതിനാൽ അപകടം എത്രത്തോളം വലുതാണെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."