രാഹുലും പ്രിയങ്കയും വയനാട്ടിലേക്ക്
ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ വയനാട് മുന്‍ എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. ഇരുവരും ഇന്നോ നാളെയോ ദുരന്ത ഭൂമിയില്‍ എത്തുമെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചു.
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രമന്ത്രിമാരോട് സഹായം അഭ്യര്‍ഥിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ ഉടന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം, സുരക്ഷാ ഏജന്‍സികളെ ഏകോപിപ്പിക്കാനും കണ്‍ട്രോള്‍ റൂം സ്ഥാപിക്കാനും കലടക്ടറുമായി സംസാരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഏത് സഹായത്തിനും ബന്ധപ്പെടാനും അദ്ദേഹം നിര്‍ദേശിച്ചു.
രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.
മേപ്പാടി മുണ്ടക്കൈയിലാണ് വന്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരല്‍മല പാലവും പ്രധാന റോഡും തകര്‍ന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ ആയിട്ടില്ല. നിലവില്‍ 250 അംഗ എന്‍ഡിആര്‍എഫ് സംഘം ചൂരല്‍ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവര്‍ത്തനമാണ് നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."