ആശുപത്രിയില്‍ നിരത്തിക്കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍ കണ്ട് പൊട്ടിക്കരയുന്നവര്‍; ദുരന്തഭൂമിയിലെ ദുരിതക്കാഴ്ചയില്‍ നെഞ്ചുപൊട്ടി വയനാട്ടുകാര്‍
കല്‍പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വിങ്ങിപ്പൊട്ടി കുടുംബങ്ങള്‍. ആശുപത്രിയില്‍ നിരത്തിക്കിടത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് പൊട്ടിക്കരയുന്ന ബന്ധുക്കള്‍. കാണാതായ പ്രിയപ്പെട്ടവര്‍ ആശുപത്രിയില്‍ ഉണ്ടോ എന്നു തിരയുന്ന കുടുംബാംഗങ്ങളുടെ വിങ്ങിപ്പൊട്ടലും പൊട്ടിക്കരച്ചിലും കണ്ടു നില്‍ക്കാന്‍ കഴിയാത്തവസ്ഥ. ദുരന്തം ജീവനെടുത്തവര്‍ ആരൊക്കെയെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥ. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. അട്ടമല, ചൂരല്‍മല മേഖലകളും തകര്‍ന്നടിഞ്ഞു.
57പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് നൂറിലധികം പേര്‍. ഉറ്റവരെ കാണാതെ വിങ്ങിപ്പൊട്ടുന്നവര്‍. അമ്പതിലധികം വീടുകളും നിരവധി വാഹനങ്ങളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നും ഒലിച്ചും പോയിരിക്കുകയാണ്. ആശുപത്രിയില്‍ നിരത്തിക്കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് പൊട്ടിക്കരയുന്ന കാഴ്ചകള്‍ കണ്ടുനില്‍ക്കാന്‍ കഴിയാത്തതാണ്.
മുണ്ടക്കൈയില്‍ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്നാണ് പറയുന്നത്. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലര്‍ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ടെന്നും ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്നും ചിലര്‍ പറയുന്നു. 10 മൃതദേഹങ്ങളാണ് ചാലിയാറില്‍ നിന്ന് മാത്രം കണ്ടെടുത്തത്.
ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. ഒറ്റപ്പെട്ടു പോയി മുണ്ടക്കൈ. പുലര്‍ച്ചെ ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും രക്ഷാദൗത്യവും സജീവമാകുന്നുണ്ട്. മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിന് ഇപ്പോ മഴ തടസമാകുന്ന അവസ്ഥയാണ്്.
മരിച്ച 10 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. റംലത്ത്, ശ്രേയ, പ്രേമലീല, റെജിന, അഷ്‌റഫ്, കുഞ്ഞിമൊയ്തീന്‍, ലെനിന്‍, വിജീഷ്, സുമേഷ്, സലാം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അഞ്ചിടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്റര്‍ (32), വിംസ് (7), വൈത്തിരി താലൂക്ക് ആശുപത്രി (1), നിലമ്പൂര്‍ ആശുപത്രി (8), മലപ്പുറം ചുങ്കത്തറ ആശുപത്രി (1) എന്നിവിടങ്ങളിലാണ് മൃതദേഹങ്ങളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."