'എല്ലാം പോയി, എല്ലാം ദൈവം തന്നതല്ലേ, സാരമില്ല' - പ്രതികരിച്ച് രക്ഷപ്പെട്ടവര്‍
കല്‍പറ്റ: 'ആദ്യത്തെ ഉരുള്‍പൊട്ടലിലാണ് ഞാനും മക്കളും പെട്ടത്. മൂത്തമകന്‍ കുടുങ്ങിപ്പോയി. അവനേയും വലിച്ചെടുത്ത് രക്ഷപ്പെട്ടോടുകയായിരുന്നു. ഞങ്ങള്‍ അഞ്ചുപേരാണ്. മുകള്‍ഭാഗത്താണ് താമസം. താഴേയാണ് മുഴുവനും പോയത്. മേലേപറമ്പിലേക്ക് ഓടിക്കയറിയതു കൊണ്ട് മാത്രമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്.അല്ലെങ്കില്‍ ഞാനും മക്കളുമൊക്കെ ഇപ്പോ പോയിട്ടുണ്ടാവും. അയല്‍വാസികളെയൊക്കെ നോക്കി. ആരെയും കാണുന്നില്ല. എവിടെയാണെന്നും അറിയില്ല.'- രക്ഷപ്പെട്ടു ക്യാംപില്‍ കഴിയുന്ന വീട്ടമ്മയുടെ ഞെട്ടലും ഭയവും ഇതുവരെ മാറിയില്ല.
അതുപോലെ രക്ഷപ്പെട്ടവരാണ് മുണ്ടക്കൈയിലെ ബാപ്പുവും കുടുംബവും. തലനാരിഴയ്ക്കാണ് ഇവരുടെ പുനര്‍ജന്‍മം. ഉമ്മയെ കാണാന്‍ ഭാര്യയെയും മക്കളെയും കൂട്ടി പോയതായിരുന്നു ബാപ്പു. ഇപ്പോള്‍ ഈ വസ്ത്രം മാത്രമേയുള്ളൂ സ്വന്തമായി. വീടുള്‍പ്പെടെ സകലതും വെള്ളത്തില്‍ ഒലിച്ചുപോയെന്നാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അറിയുന്നത്.
തലേ ദിവസം കുട്ടികളേയും ഭാര്യയെയും കൂട്ടി അകലെ താമസിക്കുന്ന ഉമ്മയെ കാണാന്‍ പോയതുകൊണ്ടു മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അയല്‍വക്കത്തെ വീട്ടുകാര്‍ മുഴുവനും പോയി. അവരെ കിട്ടിയില്ല. ഈ ചുറ്റുഭാഗത്ത് മുഴുവന്‍ വീടുകളായിരുന്നു. 250 ല്‍ അധികം വീടുകളുണ്ട് ഇവിടെ. ആരൊക്കെയാണ് കുടുംബത്തില്‍ ബാക്കിയുള്ളതെന്നുമൊന്നും അറിയില്ല.
ഇവിടെ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്നും തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമായിരുന്നുവെന്നും ഇവിടെ വെള്ളച്ചാലുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുത്തുമല പൊട്ടിയിട്ടും ഇവിടെ കാര്യമായി ബാധിച്ചിരുന്നില്ലെന്നും ആ വിശ്വാസമാണ് എല്ലാവരും ഇവിടെ തന്നെ താമസിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ദൈവത്തിന്റെ വിധിയാണെന്നും എല്ലാം തന്നത് ദൈവമാണെന്നും വിശ്വസിക്കുന്നുവെന്നും അതില്‍ വിഷയമില്ലെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."