വല്ലിപ്പയുടെ കൈകളില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞു അന്‍സല്‍
ചൂരല്‍മല (വയനാട്): കുത്തിയൊലിച്ചെത്തിയ മണ്ണ് ആ കുഞ്ഞു ജീവനെ മൂടും മുമ്പ് അയാള്‍ കോരിയെടുത്തു. കുതിച്ചെത്തിയ സൂപ്പര്‍മാനെ പോലെ. ആ കൈകളില്‍ കുഞ്ഞുകാലടികള്‍ തൊട്ട ചളിമണ്ണില്‍ അവന്‍ തൂങ്ങി നിന്നു. ഒന്നുമറിയാതെ. ഇരച്ചെത്തിയ ദുരന്തത്തിനുള്ളില്‍ അവന്‍ ചൂടുപറ്റിക്കിടന്ന അവന്റെ പൊന്നുമ്മ പുതഞ്ഞു പോയെന്നു പോലുമറിയാതെ. സൂപ്പര്‍മാനെ തന്നെ തൂക്കിപ്പിടിച്ചിരിക്കുന്ന ആ കൈകളുടെ ഉടമ, തന്റെ വല്ലിപ്പ കഴുത്തൊപ്പം മണ്ണില്‍ മൂടി നില്‍ക്കുകയാണെന്നും അവനറിഞ്ഞില്ല. തൊട്ടു നില്‍ക്കുന്ന ചളിമണ്ണില്‍ കുഞ്ഞുകാലടികളിളക്കി അവന്‍ ചിരിച്ചു. വല്ലിപ്പാനെ നോക്കി. അപ്പോഴും അവന്റെ ചുണ്ടില്‍ ഉമ്മയോടൊപ്പം ചേര്‍ന്ന് കിടന്ന് നുണഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മധുരം തങ്ങിനിന്നുണ്ടാവണം.
ഇത് അന്‍സല്‍ റിയാസ്. ഉയിരെടുക്കാന്‍ അലച്ചെത്തിയ ഉരുളിനെ അതിജീവിച്ച അതിശയക്കുഞ്ഞ്. എട്ടുമാസമാണവന് പ്രായം. അവനേയും ഉയര്‍ത്തി പിടിച്ച് കഴുത്തുവരെ മൂടിയ മണ്ണില്‍ ചലിക്കാനാവാതെ കിടന്ന രംഗം ഓര്‍ക്കുമ്പോള്‍ ചൂരല്‍മലയിലെ ഒ.പി. മൊയ്തുവിന് ഇപ്പോഴും വിറക്കുന്നുണ്ട്. ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല അയാള്‍ക്ക്.
ചൊവ്വാഴ്ച പുലര്‍ച്ച ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന ഇദ്ദേഹം കാണുന്നത് വീട് മുഴുവന്‍ വെള്ളം. അപ്പോള്‍ മകള്‍ റംസീനയും റംസീനയുടെ എട്ടുമാസം പ്രായമായ കുഞ്ഞും അടുത്ത റൂമില്‍ കിടന്നുറങ്ങുകയായിരുന്നു. വെള്ളത്തിലൂടെ നീന്തിച്ചെന്ന് കുട്ടിയെ എടുത്തപ്പോഴേക്കും തകര്‍ന്ന വാതിലിലൂടെ വീടിനകത്ത് മണ്ണ് നിറഞ്ഞു. കഴുത്തൊപ്പം നിറഞ്ഞ മണ്ണില്‍ ഒരുകൈയില്‍ കുട്ടിയെ ഉയര്‍ത്തിപ്പിടിച്ച് നിന്നപ്പോള്‍ രക്ഷപ്പെടും എന്ന നേരിയ പ്രതീക്ഷ പോലുമില്ലായിരുന്നു മൊയ്തുവിന്. പെട്ടെന്ന് ഭാഗ്യം തുണച്ചപോലെ റൂമിലെ കട്ടില്‍ വെള്ളത്തില്‍ മുകളിലേക്ക് ഉയര്‍ന്നു. അതില്‍ തൂങ്ങിപ്പിടിച്ച് ഒരുവിധം രക്ഷപ്പെടുകയായിരുന്നു മൊയ്തു.
ഭാര്യ കദിയയും മറ്റൊരു മകളും കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വീട്ടില്‍ ഇല്ലായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."