പ്രകൃതിദുരന്തത്തിന്റെ 60 ശതമാനവും ദൈവത്തിന്റെ സ്വന്തം നാട്ടില്‍..! മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ അവഗണിക്കുന്നത് എന്ത്‌കൊണ്ട്?
കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമായി മാറിയിരിക്കുകയാണ് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍. പുത്തുമലയുടെയും കവളപ്പാറയുടെയും മുറിവുകള്‍ ഇതുവരെയും ഉണങ്ങിയിട്ടില്ല. അപ്പോഴേക്കും വയനാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നു. 2018 ലെ പ്രളയത്തിനു ശേഷം ഉരുള്‍പൊട്ടല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 2018ല്‍ 200 ല്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുകയും 20ഓളം പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും കിട്ടിയിട്ടുമില്ല.
കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുണ്ടാവുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2022ലെ കേന്ദ്രം പുറത്തുവിട്ട കണക്കില്‍ പറയുന്നത് ഇന്ത്യയിലൊട്ടാകെ ഏഴുവര്‍ഷത്തിനുളളില്‍ 3782 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോള്‍ 2239 എണ്ണം ഇതില്‍ കേരളത്തിലായിരുന്നു. പശ്ചിമബംഗാളാണ് രണ്ടാം സ്ഥാനത്ത്. 376, തമിഴ്‌നാട്ടില്‍ 196, കര്‍ണാടകയില്‍ 194, ജമ്മുകശ്മീരില്‍ 184 എന്നിങ്ങനെയായിരുന്നു കണക്ക്. അതായത് രാജ്യത്ത് ആകെയുണ്ടാകുന്ന ഉരുള്‍പൊട്ടലുകളില്‍ 60 ശതമാനവും കേരളത്തിലാണെന്നുചുരുക്കം.
2018ലെ മഹാപ്രളയത്തോടെയാണ് കേരളത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നത്. 2019 ഓഗസ്റ്റില്‍ വയനാട് മേപ്പാടിയിലെ പുത്തുമലയില്‍ വൈകുന്നേരം ഉരുള്‍പൊട്ടലുണ്ടായി. ഇതിന് തൊട്ടടുത്ത് ആണ് ചൂരല്‍മല. ഒരുപ്രദേശത്ത് ഉരുള്‍പൊട്ടിയാല്‍ അതിനടുത്ത പ്രദേശത്തെ സാഹചര്യം പഠിക്കണമെന്ന നിര്‍ദേശമൊന്നും പാലിക്കപ്പെട്ടില്ല. നാട്ടുകാരും പഞ്ചായത്തും ഇടപെട്ട് ദുരന്തം മുന്നില്‍ കണ്ട് ആളുകളെ ഒഴിപ്പിച്ചത് കൊണ്ട് മരണം 22ല്‍ ഒതുങ്ങി. ദുരന്തത്തിനു മുന്നോടിയായി അവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
ഇതൊരു അപായസൂചനയായി നാട്ടുകാര്‍ക്ക് തോന്നിയിരുന്നില്ലെങ്കില്‍ മരണം നൂറില്‍ കൂടിയേനെ. ഇതേ ദിവസം രാത്രിയാണ് നിലമ്പൂരിലെ പോത്തുകല്ലിനു സമീപം കവളപ്പാറ കോളനിക്കു മുകളിലേക്ക് മുത്തപ്പന്‍മല പൊട്ടിവീണത്. സമീപത്തെ തോട്ടില്‍ വെള്ളം കൂടിയതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമിച്ച നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിമിഷനേരം കൊണ്ട് മണ്ണിനടിയിലായി. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ സംഭവം പുറംലോകമറിയാനും സമയമെടുത്തു.
അതും മറികടന്ന് കവളപ്പാറയില്‍ എത്തിയപ്പോള്‍ കണ്ടത് മുത്തപ്പന്‍ കുന്നിന് താഴെ മറ്റൊരു കുന്നാണ്. നിമിഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട ആ വലിയ കുന്നിനടിയില്‍ നിന്നാണ് 59 പേരെ കണ്ടെടുത്തത്. 11 പേരേ ഇനിയും കിട്ടിയിട്ടില്ല. ആ മണ്ണിനടിയില്‍ എവിടെയോ അവരുണ്ട്. അവരുടെ മൃതദേഹം പോലും കിട്ടിയിട്ടില്ല. 2020ല്‍ ഉരുള്‍പൊട്ടലുണ്ടായത് മൂന്നാര്‍ പെട്ടിമുടിയിലാണ്. രാത്രി പത്തരയ്ക്കായിരുന്നു ദുരന്തമുണ്ടായത്. 70 പേരുടെ ജീവനാണ് ഉരുള്‍പൊട്ടി കുത്തിയൊലിച്ചു പോയത്.
പക്ഷേ, പുറംലോകത്ത് നിന്ന് ആദ്യ സംഘമെത്തിയത് പിറ്റേന്ന് രാവിലെ പത്തുമണിയോടെ. 2021 ഒക്ടോബര്‍ 17 നാണ് കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. അവിടെ നിര്‍ത്താതെ പെയ്ത മഴയായിരുന്നു വില്ലനായത്. റബ്ബര്‍ തോട്ടമേഖലയില്‍ നിന്നാണ് ഉരുള്‍പൊട്ടിയെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലുമായി 20തോളം ജീവനുകളാണ് അന്ന് നഷ്ടപ്പെട്ടത്. അതിനുശേഷവുമുണ്ടായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും.
എന്നിട്ടും നമ്മള്‍ എന്തെങ്കിലും പഠിച്ചോ? നമ്മുടെ മലയോരങ്ങളെ സുരക്ഷിതമാക്കാനുള്ള എന്ത് നടപടിയാണ് നമുക്ക് സ്വീകരിക്കാന്‍ കഴിഞ്ഞത്? മാധവ ഗാഡ്ഗിലിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ നല്‍കിയ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ച്, നാം ചോദിച്ച് വാങ്ങിയതാണോ ഈ ദുരന്തം?
എന്താണ് ഉരുള്‍ പൊട്ടല്‍?
മഴയും മിന്നലുമൊക്കെ പോലെ തന്നെ പ്രകൃതിയുടെ പ്രതിഭാസമായാണ് ഉരുള്‍പൊട്ടലെന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യ ഇടപെടലുകള്‍ ഇല്ലാത്ത കാടുകളിലും മലഞ്ചെരിവുകളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ട്. ഭൂസ്ഥിരത നഷ്ടപ്പെടുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റും പെട്ടെന്ന് താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍. ഉത്ഭവസ്ഥാനത്ത് നിന്നും പതനസ്ഥലത്തേക്ക് എത്തുന്ന വഴി അവിടങ്ങളിലെ എല്ലാ വസ്തുക്കളും തകര്‍ത്തെറിയപ്പടുന്നു. അവശേഷിക്കുന്നത് നഗ്‌നമാക്കപ്പെട്ട അടിപ്പാറകള്‍ മാത്രമാകും. ഈ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകള്‍ രൂപപ്പെടുന്നതും കാണാം.
ഈ സമയം കനത്ത മഴ പെയ്യുമ്പോള്‍ സംഭരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച് മണ്ണിനടിയില്‍ മര്‍ദം വര്‍ധിക്കും. ഈ മര്‍ദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്തിയില്‍ കുതിച്ചൊഴുകും. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും തമ്മില്‍ സാങ്കേതികമായ ചില മാറ്റങ്ങള്‍ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും കൂടി താഴേക്ക് ഒഴുകി വരുക എന്നതു തന്നെയാണ്.
10 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന്റെ സാധ്യത കൂടുതലുള്ളത്. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ എന്നെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലമാണെങ്കില്‍ പ്രത്യേക ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യത നേരിടുന്നതായി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു.
മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുമായി ചേര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സസ് (കുഫോസ്) ആണ് പഠനം പുറത്ത് വിട്ടത്. 2018ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ 3.46 ശതമാനം ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ അനുഭവപ്പെട്ടിരുന്നത് ആഫ്രിക്കന്‍ രാജ്യമായ കെനിയയിലും നേപ്പാളിലുമാണ്. പക്ഷേ അവിടെപ്പോലും ഡെത്ത് റേറ്റ് കേരളത്തേക്കാള്‍ കുറവാണ്. വനനശീകരണം ഒപ്പം ശാസ്ത്രീയമായ വനവല്‍ക്കരണവും ഉരുള്‍ പൊട്ടലിനു വഴിവയ്ക്കും. പാറകളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍, മരങ്ങളും പാറകളും മണ്ണും സ്വാഭാവികമായ അവസ്ഥയില്‍ നില്‍ക്കാത്ത മണ്ണിന്റെയും മരങ്ങളുടെയും വഴുതിപ്പോക്ക്, കല്ലുകളുടെ ബലഹീനത, ചെങ്കുത്തായ സ്ഥലങ്ങള്‍ എന്നിവ മഴക്കാലങ്ങളില്‍ ഉരുള്‍പൊട്ടലിന് കാരണമാകുന്നു.
ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പഠനം നടത്തിയശേഷം കോഴിക്കോട് സി ഡബ്ലിയുആര്‍ ഡി എമ്മിലെ, ശാസ്ത്രജ്ഞനായ ഇ അബ്ദുല്‍ഹമീദ് ഇങ്ങനെ എഴുതുന്നു. 'ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്നും മനസ്സിലായത് മനുഷ്യ ഇടപെടലുകള്‍ തന്നെയാണ് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായിരിക്കുന്നത് എന്നാണ്. ചെങ്കുത്തായ മലകളില്‍പ്പോലും വീതിയുള്ള റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത് കാണാം. ഇത്തരം റോഡുകള്‍ക്ക് ഓവുചാലുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അവ മഴക്കാലത്തെ ജലപ്രവാഹത്തെ ഉള്‍ക്കൊള്ളാനാവുന്നവയല്ല.
സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, ഇടവിള (നാണ്യവിള) തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മിക്കുക, കെട്ടിടം പണിയുക, അമിതഭാരം ഏല്‍പ്പിക്കുക, സ്‌ഫോടനങ്ങള്‍, ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്- ഡോ അബ്ദുല്‍ ഹമീദ് വിലയിരുത്തുന്നു.
ഇങ്ങനെ വിശകലനം ചെയ്താല്‍ കണ്ടെത്തുക 70 ശതമാനം ഉരുള്‍പൊട്ടലുകള്‍ക്കും കാരണം മനുഷ്യ ഇടപെടലുകളാണെന്നാണ്. കേരളത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥാപരമായ പ്രത്യേകതകളും നാം അനിവാര്യമായി മനസ്സിലാക്കിയിരിക്കണം. ഓരോ ഇടപെടലും എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്നറിയണം. ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.
തുരക്കുന്ന ക്വാറികള്‍
ഒരു സംസ്ഥാനമാകെ മൂന്ന് തട്ടുകളായി സ്ഥിതി ചെയ്യുന്ന സവിശേഷ ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. ഏതാണ്ട് പൂര്‍ണ്ണമായും പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന മലനാട്, ചെറിയ കുന്നുകള്‍ ഉള്‍പ്പെടുന്ന ഇടനാട്, കായലും കടലും ഉള്‍പ്പെടുന്ന തീരപ്രദേശവും. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 50 ശതമാനവും മലനാടാണ്. ജനസംഖ്യയുടെ 35 ശതമാനം അധിവസിക്കുന്നത് ഈ മേഖലയിലാണ്. അതുകൊണ്ടുതന്നെ പശ്ചിമഘട്ട സംരക്ഷണം എന്നത്, കേരളീയരെ സംബന്ധിച്ച് അതിപ്രധാനമാണ്.
ഒരോ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്ന സമയത്തും, കേരളം ഓര്‍ക്കുന്ന പേരാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെത്. പശ്ചിമ ഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗില്‍ വര്‍ഷങ്ങള്‍ക്ക്മുമ്പേ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അതിനെ പുച്ഛിച്ചവരാണ് കേരളീയര്‍. കേരളത്തില്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ 1700 അനധികൃത പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
'പശ്ചിമഘട്ട നിരകളില്‍ 2700 പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 1700 എണ്ണം അനധികൃതമാണ്. അവക്ക് കലക്ടര്‍ അനുമതി നല്‍കിയിട്ടില്ല. പഞ്ചായത്തുകള്‍ ഈ പാറമടകളുടെ പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുമുണ്ട്. പക്ഷേ, അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു'ഗാഡ്ഗില്‍ പറയുന്നു. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് തയാറാക്കാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ ഈ പാറമടകള്‍ സന്ദര്‍ശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അനധികൃതമായ പാറമടകള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധവുമുണ്ട്. ഇവയെല്ലാം പരിസ്ഥിതി ദുര്‍ബല മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. പലതിലും യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കരിങ്കല്ലുകള്‍ പൊടിക്കുന്നത്. അനധികൃത ക്വാറികളെ നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ പരിസ്ഥിതിനാശവും ദുരന്തവുമുണ്ടാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹം ഇത് പറഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ സന്തുലിതാവസ്ഥയെ തകര്‍ത്തുകൊണ്ടാവരുത് എന്ന തിരിച്ചറിവ് ഭരണകൂടങ്ങള്‍ക്കെന്നപോലെ പൊതുജനങ്ങള്‍ക്കും ഉണ്ടാവണമെന്നാണ്, മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ദുര്‍ബ്ബല മേഖലകളെ തരംതിരിച്ച് അതിനനുസൃതമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും എത്ര അവജ്ഞയോടെയാണ് കേരളം അതിനെ സമീപിച്ചത് എന്നോര്‍ക്കണം.
ക്വാറികള്‍, ഉരുള്‍പൊട്ടലുണ്ടാക്കാന്‍ കാരണമാകുന്ന ഘടകമാണെന്ന് സിഎസ്‌ഐ ആറിന്റെ അടക്കം പഠനങ്ങള്‍ വേറെയുമുണ്ട്. വലിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുപൊട്ടിക്കുമ്പോള്‍ ആ പറയുടെ രണ്ടകിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പാറകളിലും അതിന്റെ ശക്തമായ തരംഗങ്ങള്‍ എത്തുന്നു.
ഇത് തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍ പാറക്കു മുകളിലെ മണ്ണുമായുള്ള പിടുത്തം കുറയുന്നു. അടിമണ്ണിന് ഇളക്കംതട്ടി മഴവെള്ളവുമായി ചേര്‍ന്ന് ബലമില്ലാതാകുന്നതോടെ, മുകളിലെ പാറയും മണ്ണുമെല്ലാം താഴേയ്ക്ക് ഒഴുക്കുന്നു. അതുകൊണ്ടാണ് മഴക്കാലങ്ങളില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്നത്. പക്ഷേ അപ്പോഴും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതാണ് പ്രശ്‌നവും.
കേരളത്തിലെ ഉരുള്‍പൊട്ടലുകളെകുറിച്ച് ഏറ്റവും ആധികാരികമായി പഠിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വളരെ പ്രസക്തമായി തന്ന കാര്യങ്ങള്‍ പറയുന്നുണ്ട്. 22 ഡിഗ്രിക്കു മുകളില്‍ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടാവാന്‍ സാധ്യത കൂടുതല്‍. (വിദേശരാജ്യങ്ങളില്‍ ഇത്തരം മേഖലകളില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കാറില്ല)
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. 24 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കാണണം. മലയടിവാരത്തും മലമുകളിലും കുന്നിന്‍ചെരിവുകളിലും താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ എന്നെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലമാണെങ്കില്‍ പ്രത്യേകിച്ചും.
ഇന്ന് വിവിധ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ ലാന്‍ഡ് സ്ലൈഡ് ഹസാര്‍ഡ് സോണേഷന്‍ മാപ്പുകള്‍ ലഭ്യമാണെങ്കിലും വലിയ സ്‌കെയിലുകളില്‍ ആണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇത് ഒരു പോരായ്മയാണ്. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ സൂക്ഷ്മതലത്തില്‍ ജിയോളജിക്കല്‍, ജിയോടെക്‌നിക്കല്‍ പഠനങ്ങള്‍ നടത്തി ചെറിയ സ്‌കെയിലില്‍ ഭൂപടം നിര്‍മിച്ചാല്‍ അത് പഞ്ചായത്ത് തലത്തിലുള്ള അധികൃതര്‍ക്ക് അനായാസം ഉപയോഗിക്കാന്‍ സാധിക്കും. ഇതുവരെ നടന്ന പഠനങ്ങള്‍ ക്രോഡീകരിച്ച് സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഭാഷയില്‍ അതാത് പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ നടപടിയുണ്ടാകണം.
ഓരോ സ്ഥലത്തും ഉരുള്‍പൊട്ടലിന് പ്രേരകമായ ഘടകങ്ങളെ കണ്ടെത്തി അതിനുവേണ്ട പ്രതിവിധി നിര്‍ണയിക്കുകയാണ് ഉരുള്‍പൊട്ടലിന്റെ കെടുതി ഇല്ലാതാക്കുന്നതിനായി അത്യാവശ്യം ചെയ്യേണ്ടത്. തദ്ദേശവാസികള്‍ ശാസ്ത്രസമൂഹം മുന്നോട്ടുവയ്ക്കുന്ന കരുതലുകള്‍ നിസ്സാരമായാണ് പലപ്പോഴും നോക്കിക്കാണുന്നത്.
നിര്‍ദേശങ്ങളെ ജാഗ്രതയോടുകൂടി സമീപിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കണം. അത്യാഹിതം സംഭവിച്ചാല്‍ പെട്ടെന്ന് പ്രതികരിക്കാന്‍ തയ്യാറുള്ള വളണ്ടിയര്‍മാരെ വാര്‍ഡുതലത്തില്‍ പരിശീലിപ്പിച്ചെടുക്കുകയും വേണം. പ്രഥമശുശ്രൂഷക്കും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ശേഷിയുണ്ടാക്കുന്ന രീതിയില്‍ പരിശീലനം നല്‍കണം. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ, ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരിശീലനം ലഭ്യമാക്കണമെന്നും പരിഷത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു.
മഴമാപിനികളുടെ ശൃംഖല മെച്ചപ്പെടുത്തണമെന്നും പരിഷത്ത്് റിപ്പോര്‍ട്ട് നിര്‍ദേശദിക്കുന്നു. മഴ അളന്ന് ഓരോ പ്രദേശത്തിന്റെയും ഉരുള്‍പൊട്ടല്‍ ആരംഭിക്കുന്നതിനുള്ള അളവ് (ത്രഷോള്‍ഡ് വാല്യു) കണ്ടെത്തിയാല്‍ മഴ നിശ്ചിത അളവില്‍ അധികമാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുകയും ഭീഷണിയുള്ള സ്ഥല ങ്ങളില്‍ നിന്നും അവരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്യാം. ക്വാറികള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ ഒരു കാരണവശാലും റിസ്‌ക് കൂടിയ സ്ഥലങ്ങളില്‍ അനുവദിക്കാതിരിക്കുക. ഹസാര്‍ഡ് മാപ്പിനൊപ്പം റിസ്‌ക് മാപ്പുകള്‍ തയ്യാറാക്കുകയും, ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും വേണം. ഇങ്ങനെ ബോധവല്‍ക്കരണവും, ജനകീയപങ്കാളിത്തത്തോടെയുള്ള ദുരന്ത മാനേജ്‌മെന്റും ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ ആവിഷ്‌കരിക്കണം എന്നാണ് പരിഷത്ത് പഠന റിപ്പോര്‍ട്ട്. എന്നാല്‍ ഇതും കടലാസില്‍ ഒതുങ്ങി.
ഭൂമിയില്‍ ഒരല്‍പ്പം മണ്ണുണ്ടായി വരാന്‍ നൂറു കണക്കിനു കൊല്ലങ്ങളെടുക്കും. മഴ, മഞ്ഞ്, ചൂട്, തണുപ്പ്, മര്‍ദം തുടങ്ങിയ ഭൗതിക ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ രാസ ജൈവ പ്രക്രിയകള്‍ നിരന്തരം നടക്കുന്നതിന്റെ ഫലമായിട്ടാണ് മണ്ണുണ്ടാകുന്നത്. ഈ മണ്ണാണ് മനുഷ്യനെ മലമുകളില്‍ പോലും കൊണ്ടെത്തിച്ചത്. പക്ഷേ, അവിടെ പാലിക്കേണ്ട 'വികസന അച്ചടക്കം' ആരും ചെവികൊള്ളുന്നില്ല. ചെങ്കുത്തായി കിടക്കുന്ന ഇത്തരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ എന്തുമാകാം എന്ന നിലപാട് .
ഇതിനെല്ലാം ഉപരി ഉരുള്‍പൊട്ടലിന്റെ യഥാര്‍ത്ഥ വില്ലന്‍ മഴ തന്നെയാണ്. ഓരോ വര്‍ഷം കഴിയുന്തോറും മഴയുടെ തീവ്രത അഭൂതപൂര്‍വമായി വര്‍ധിക്കുന്നതിനാലാണ് ഉരുള്‍പൊട്ടലുകളുടെ സംഖ്യയും വര്‍ധിക്കുന്നതെന്ന് ഭൂവിജ്ഞാനീയ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. എസ് ശ്രീകുമാര്‍ പറയുന്നു. മുമ്പൊക്കെ 24 മണിക്കൂറിനുള്ളില്‍ ഒരു മേഖലയില്‍ 50 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നത് ഇപ്പോള്‍ ഒരു മണിക്കൂറിനകം തന്നെ തീവ്രമായ പേമാരി തലയറഞ്ഞു പെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.
ദുരന്തങ്ങളില്‍നിന്ന് ഒന്നും നമ്മുടെ സര്‍ക്കാരുകള്‍ ഒരു പാഠവും പഠിക്കുന്നില്ല. പ്രകൃതി ദുരന്തങ്ങള്‍ ഏറെയുള്ള ജപ്പാന്‍ നെതര്‍ലന്‍ഡ്‌സ് പോലുള്ള രാജ്യങ്ങള്‍ അതിജീവിക്കുന്നത് ജനങ്ങളുടെ സഹകരണത്തോടെ ശാസ്ത്രീയ കാര്യങ്ങള്‍ നടപ്പാക്കിയാണ്. ഉരുള്‍പൊട്ടലും വന്യജീവി പ്രശ്‌നവുമൊക്കെ ഇനി നമ്മുടെ മലയോര മേഖലയില്‍ എക്കാലവും നിലനില്‍ക്കുന്ന സംഭവങ്ങളായിരിക്കുമെന്നും അതു മനസ്സിലാക്കി, ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ അവയെ നേരിടുകയുമാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."