'ശിഹാബെ.....അമര്‍ത്തിയടച്ചിട്ടും അനുവാദമില്ലാതെ എന്റെ കണ്ണു നിറയുന്നെടാ' ഉരുള്‍പൊട്ടലില്‍ മരിച്ച മുണ്ടക്കൈ ഖത്തീബിനെ കുറിച്ച് സുഹൃത്തിന്റെ കുറിപ്പ്
മണ്ണടരുകള്‍ ആര്‍ത്തലച്ച് കവര്‍ന്ന മനുഷ്യരെ കുറിച്ച് വിങ്ങുകയാണ് കേരളം. നമുക്കവരാരുമല്ലാതിരുന്നിട്ടും നമ്മുടെ കണ്ണുകള്‍നിറയുന്നു. നെഞ്ചകമെരിയുന്നു. തേങ്ങലുകള്‍ അങ്ങനെ തൊണ്ടക്കുഴിയില്‍ വന്ന് വിങ്ങുന്നു. അപ്പോള്‍ പിന്നെ അവരോട് ചേര്‍ന്നിരിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും. മുണ്ടക്കൈ മസ്ജിദ് ഖത്തീബിനെ കുറിച്ച് സുഹൃത്തും എഴുത്തുകാരനുമായ ലത്തീഫ് നെല്ലിച്ചോടിന്റെ കുറിപ്പ് വായിക്കാം.
വയനാട്ടിലേക്ക് വെറുതെ വണ്ടിയോടിച്ച് വരുന്ന ദിനങ്ങളില്‍ നെല്ലിച്ചോടേന്ന് വിളിച്ച് വിരുന്നൂട്ടാന്‍ ഇനി നീയില്ലല്ലോടാ....
മുണ്ടക്കൈ മസ്ജിദിന്റെ വരാന്തയില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന വൈകുന്നേരങ്ങള്‍.
നേരമിരുട്ടും മുമ്പ് ചുരമിറങ്ങണമെന്ന് വാശിപിടിക്കുമ്പോള്‍ ഇന്നിവിടെ കൂടാമെന്ന സ്‌നേഹ സൗഹൃദത്തിന്റെ സമ്മര്‍ദങ്ങള്‍.....
പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ പങ്കുവെക്കലുകള്‍.
നീ സമ്മാനമായി തന്ന അത്തര്‍ കുപ്പികള്‍.
വയനാട്ടുകാര്‍ വേറിട്ട മനുഷ്യരാണ്. സ്നേഹക്കുളിരിന്റെ കോട കൊണ്ട് ഹൃദയം പൊതിയുന്നവര്‍.
ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ മറവിക്ക് വിട്ടു കൊടുക്കാത്ത വിധം സൗഹൃദം അപ്‌ഡേറ്റ് ചെയ്യുന്നവര്‍.
ഓര്ക്ക് വല്ലാത്തൊരു സ്‌നേഹാണ്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാല്‍ പിന്നെ നമ്മളാ വീട്ടാരാണ്.
ശിഹാബെ.....
അമര്‍ത്തിയടച്ചിട്ടും അനുവാദമില്ലാതെ എന്റെ കണ്ണു നിറയുന്നെടാ....
കേട്ടത് സത്യാവരുതേന്ന്
സുജൂദില്‍ കിടന്ന് കരഞ്ഞു പറഞ്ഞിട്ടും പടച്ചോന്‍ കേട്ടില്ല.
നിലമ്പൂരിലെ മോര്‍ച്ചറിയില്‍ നീയുണ്ടെന്നറിഞ്ഞപ്പോ മരവിച്ചു പോയതാണ് ഞാന്‍.
അവസാനമായി കണ്ടപ്പോ തലയിലും, താടി രോമങ്ങളിലും പടര്‍ന്ന വെള്ളി നൂലുകളെ നോക്കി നീ പറഞ്ഞില്ലേ.... നെല്ലിച്ചോടും നരച്ചൂന്ന്.
നാല്പത് കഴിഞ്ഞാ മനുഷ്യന്റെ മേനിക്ക് മയ്യത്തിന്റെ മണമാണെന്ന എന്റെ പ്രതികരണത്തിന് പ്രാര്‍ത്ഥനയായിരുന്നല്ലോ നിന്റെ മറുപടി.
അല്ലാഹു ആഫിയത്തുള്ള ആയുസ് തരട്ടേന്ന്.
എന്നിട്ട് നീ ആദ്യമങ്ങ് പോയി. ദൂരേക്ക് നോക്കി നമ്മളാസ്വദിച്ച പ്രകൃതി തന്നെ നിന്നെ വിളിച്ചോണ്ട് പോയി.
ഇവിടെ ഇരുന്നാ നിനക്ക് കുറേ കവിത എഴുതാന്ന് ചായത്തോട്ടങ്ങളെ ചൂണ്ടി നീ പറഞ്ഞതും, ഈ നാടിന്റെ കുളിരു പോലെയാണ് എന്റെ അക്ഷരങ്ങളെന്ന് എന്റെ എഴുത്തിനെ പ്രശംസിച്ചതും, എന്താ ഇപ്പോ തീരെ എഴുതാത്തതെന്ന് പരിഭവപ്പെട്ടതും ഓര്‍മ്മകള്‍ കലങ്ങി മറഞ്ഞൊഴുകുന്നു എന്നുള്ളില്‍.
മഹല്ല് നിവാസികള്‍ക്ക് ആദരണീയ പണ്ഡിതന്‍
കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഉസ്താദ്
സൗമ്യത കൊണ്ട് ചേര്‍ത്തു പിടിക്കുന്ന സഹൃദയന്‍...
കല്ലും ചെളിയും വേരും മരവും കലര്‍ന്ന കലക്കു വെള്ളത്തില്‍ ഒഴുകിയൊഴുകി മരണത്തെ പുണര്‍ന്നവനേ....
സ്വര്‍ഗലോകത്തെ അരുവികളുടെ തീരത്ത് വെച്ചെന്റെ കൂട്ടുകാരനെ കാണിച്ചു തരണേ റഹീമേ ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."