വയനാടിനെ ചേര്‍ത്ത് പിടിച്ച്: കല്യാണ രാമനും രവി പിള്ളയും അദാനി ഗ്രൂപ്പ് അഞ്ച് കോടി രൂപ വീതം നല്‍കും
കല്‍പ്പറ്റ: ദുരന്ത ഭൂമിയായ വയനാടിനെ ചേര്‍ത്ത് പിടിച്ച് പ്രമുഖ വ്യവസായിമാരും. പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു ഓഫീസില്‍ എത്തി കൈമാറി. തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയിലേക്ക് വയനാട് ജില്ല ഭരണ സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നുണ്ട്. അത് കൃത്യമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ പേരിലടക്കം ഒറ്റയ്ക്കും കൂട്ടായും പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ അത് ഉപകാരപ്പെടുന്ന ഒരു പ്രക്രിയയല്ല. അതുകൊണ്ട് അതില്‍ പങ്കാളികളായവര്‍ അതില്‍ നിന്ന് പിന്മാറണം. ശേഖരിച്ച വസ്തുക്കള്‍ അതത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് കൈമാറണം. ഇനി എന്തെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."